കേരളത്തിലേക്ക് വരുന്ന ലക്ഷ്വറി ബസുകളില്‍ സംഭവിക്കുന്നത്; ഓരോ തവണയും പ്രതിഫലം 2000 രൂപ
തിരുവനന്തപുരം: കേരളത്തില്‍ ഒരു ദിവസം നടക്കുന്നത് കോടികളുടെ ഇടപാടാണെങ്കിലും പലപ്പോഴും പ്രധാന കണ്ണികള്‍ രക്ഷപ്പെടുന്നതാണ് പതിവ്. സംസ്ഥാനത്ത് ലഹരി ഉപയോഗം വ്യാപകമാണെങ്കിലും കേരളത്തില്‍ ലഹരി മാഫിയ എന്ന ഒരു സംഗതി ഇല്ലെന്നാണ് മുന്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറയുന്നത്. കേരളത്തിലേക്ക് പ്രധാനമായും ലഹരി മരുന്ന് എത്തുന്നത് മുംബയ്, ബംഗളൂരു, മൈസൂരു, ഗോവ എന്നീ നാല് സ്ഥലങ്ങളില്‍ നിന്നാണെന്നും അദ്ദേഹം പറയുന്നു. ഒരു സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്.
റോഡ് മാര്‍ഗവും, ട്രെയിന്‍ മാര്‍ഗവും കടല്‍ മാര്‍ഗവും കേരളത്തിലേക്ക് ലഹരി മരുന്ന് എത്താറുണ്ട്. എന്നാല്‍ പലപ്പോഴും പിടിയിലാകുന്നത് ക്യാരിയര്‍മാര്‍ മാത്രമാണ്. പ്രധാന കണ്ണികളെ പിടികൂടാന്‍ കഴിയാറില്ല. വിമാനം വഴിയും കേരളത്തിലേക്ക് സാധനം എത്താറുണ്ട്. എന്നാല്‍ കടത്ത് പിടികൂടുക അത്ര എളുപ്പമല്ലെന്നാണ് സിംഗ് പറയുന്നത്. ഒരു ദിവസം 300 തീവണ്ടികളാണ് കേരളത്തിലെത്തുകയോ കേരളത്തിലൂടെ കടന്നു പോകുകയോ ചെയ്യുന്നത്.
ഒരു ട്രെയിനില്‍ 25 ഓളം ബോഗികളുണ്ട്. ആര്‍പിഎഫ്, റെയില്‍വേ പൊലീസ്, കേരള പൊലീസ് ഇവരൊക്കെ ചേര്‍ന്ന് ഇത്രയധികം യാത്രക്കാരുടെയും ലഗേജുകള്‍ പരിശോധിക്കുക എന്നത് ഒരിക്കലും സാദ്ധ്യമല്ല. 600 ലക്ഷ്വറി ബസുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതിലെല്ലാം ലഗേജുകള്‍ നിറച്ച് വരികയല്ലേ. കോയമ്പത്തൂരില്‍ നിന്നു കയറുന്ന ആളുകളുടെ കയ്യില്‍ മയക്കുമരുന്ന് പാക്കറ്റുകള്‍ തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലേക്ക് കൊടുത്തു വിട്ട സംഭവങ്ങള്‍ വ്യക്തിപരമായി അറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി.
പാക്കറ്റ് കൊണ്ടു വരുന്നതിന് പ്രതിഫലമായി 2000 രൂപ അവരുടെ കൈയില്‍ കൊടുക്കും. ഈ വിവരം ലഭിച്ച് എക്സൈസ് കമ്മിഷണറായിരിക്കേ കോയമ്പത്തൂരില്‍ പോയിട്ടുണ്ട്. ഇത്തരം പാക്കറ്റകള്‍ ലഭിച്ചാലുടന്‍ ഈ പാക്കറ്റുകള്‍ യാത്രക്കാര്‍ അവരുടെ ബാഗുകളില്‍ വച്ചു പൂട്ടും. എങ്ങനെ ഇത്രയും യാത്രക്കാരുടെ സാധനങ്ങള്‍ പരിശോധിക്കാന്‍ കഴിയും. ഒരിക്കലും കഴിയില്ല. മയക്കുമരുന്ന് കടത്ത് കൂടുതലും നടക്കുന്നത് ലക്ഷ്വറി ബസുകള്‍ വഴിയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
കേരളത്തില്‍ ലഹരി ഇടപാട് സംഘങ്ങള്‍ സജീവമാണ്. യുവാക്കളാണ് പ്രധാനമായും ഇതിന്റെ ഭാഗമായി മാറുന്നത്. ഒരിക്കല്‍ ലഹരി കേസില്‍ ജയിലില്‍ കഴിഞ്ഞ് ശിക്ഷയും പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ അധികം വൈകാതെ സമാനമായ കേസുകളില്‍ പ്രതിയായി വീണ്ടും ജയിലുകളിലേക്ക് എത്താറുണ്ട്. എന്നാല്‍ ഇവരോട് ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ മറ്റ് ജോലിയൊന്നും അറിയില്ലെന്നും ലഭിക്കുന്നില്ലെന്നും ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നുമാണ് മറുപടി കിട്ടാറുള്ളതെന്നും ഋഷിരാജ് സിംഗ് പറയുന്നു.