ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ ബഷീർ കഥാപാത്രങ്ങൾ ക്ലാസ്‌മുറികളിൽ!

Tuesday 08 July 2025 12:26 AM IST

തൃപ്പൂണിത്തുറ: യൂണിഫോമിന് പകരം മുണ്ടും തട്ടവുമിട്ട കുരുന്നുകളുടെ സ്കൂൾ യാത്ര വഴിയോരങ്ങളിലുള്ളവർക്ക് അത്ഭുതമായിരുന്നു. സ്കൂളിലെത്തിയതും വേഷമിട്ടവരെല്ലാം വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മ, മുച്ചീട്ടുകളിക്കാരൻ തുടങ്ങിയ ഹിറ്റ് കഥാപാത്രങ്ങളായി. ചിലർ ബഷീർ തന്നെയായി. ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ ഈ വർഷം വായനാദിനത്തിൽ തുടങ്ങിയ 'വിദ്യാലയം കഥ പറയുന്നു" എന്ന പദ്ധതിയുടെ ഭാഗമായി ഇന്നലെ ബഷീർ കഥകൾ പറഞ്ഞുകൊണ്ട് സ്കൂളിൽ ക്ലാസുകൾ ആരംഭിച്ചത്.

52 ക്ലാസ്‌മുറികളിൽ ബഷീറിന്റെ 52 കഥകളും അതിലെ കഥാപാത്രങ്ങളും ഒരു മണിക്കൂറിൽ കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കപ്പെട്ടു. പാത്തുമ്മയുടെയും മറ്റും വേഷത്തിലെത്തിയ കുട്ടികൾ ക്ലാസ്‌മുറികളിൽ തങ്ങളുടെ കൂട്ടുകാരോട് ബഷീർ കഥകൾ പറഞ്ഞു. അവർ കണ്ടും കേട്ടും കഥാപാത്രങ്ങളെ അറിഞ്ഞു.

ബഷീർ ദിനത്തിൽ വിദ്യാലയങ്ങളിൽ ബഷീർ കഥാപാത്രങ്ങളുടെ വേഷങ്ങളിൽ കുട്ടികൾ എത്തുന്നത് സാധാരണമാണ്. എന്നാൽ, വേഷമിടുന്നതിലൂടെ ബഷീർ കഥകൾ കുട്ടികളിലേക്ക് എത്തുന്നില്ല എന്ന ബോദ്ധ്യത്തിൽ നിന്നാണ് ഇന്നലെ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളിലും ബഷീർ കഥകൾ അവതരിപ്പിക്കപ്പെട്ടത്. ആനവാരിയും പൊൻകുരിശും, അനർഘനിമിഷം, പ്രേമലേഖനം, മുച്ചീട്ടു കളിക്കാരന്റെ മകൾ, വിശ്വവിഖ്യാതമായ മൂക്ക്, ശബ്ദങ്ങൾ, ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പാപ്പക്കൊരാനെണ്ടാർന്ന് തുടങ്ങി ബഷീറിന്റെ കഥകളിലൂടെയും നോവലുകളുടെയും വിദ്യാലയം സഞ്ചരിച്ചു.

വായന ആഘോഷമായി മാറുകയാണ് വിദ്യാലയം കഥ പറയുന്നു എന്ന പദ്ധതിയിലൂടെ ഉദയംപേരൂർ എച്ച്.എസ്.എസിൽ. പ്രിൻസിപ്പൽ ഒ.വി.സാജു, ഹെഡ്മിസ്ട്രസ് ദീപ എസ്. നാരായണൻ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ കെ.എം, എസ്.എൻ.ഡി.പി യോഗം 1084-ാം ശാഖാ പ്രസിഡന്റ് എൽ.സന്തോഷ് എന്നിവർ കുട്ടികളോട് സംസാരിച്ചു.

കഥ പറയാനും കേൾക്കാനും കുട്ടികളിൽ താത്പര്യം വർദ്ധിക്കുന്നതിനൊപ്പം അവർ വായനയിലേക്കും തിരിയും. ഇത്തരം പദ്ധതികളിലൂടെ സഭാകമ്പം മാറി ഓരോ കുട്ടിയും ലീഡറായി മാറും. അവരുടെ കഴിവും വർദ്ധിക്കും.

സാജു ഒ.വി

പ്രിൻസിപ്പൽ

എസ്.എൻ.ഡി.പി എച്ച്.എസ്.എസ്

ഉദയംപേരൂർ