രാജ്യാന്തര റൂപേ കാർഡുമായി ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക്
കൊച്ചി: ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്കിന്റെ ആദ്യ ഗ്ലോബൽ പേയ്മെന്റ് സംവിധാനമായ റൂപേ സെലക്ട് ഡെബിറ്റ് കാർഡ് പുറത്തിറക്കി. ബാങ്കിംഗ് സേവനങ്ങൾ എല്ലാവിഭാഗം ഉപഭോക്താക്കൾക്കും ലഭ്യമാക്കാനാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. സ്ഥിരമായി വിദേശ യാത്രകൾ നടത്തുന്ന ഉപഭോക്താക്കൾക്കും ഓൺലൈൻ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമാണ്.
ഓരോ ത്രൈമാസത്തിലും രണ്ട് തവണ ആഭ്യന്തര വിമാനത്താവള ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം, വർഷത്തിൽ രാജ്യാന്തര ലോഞ്ച് പ്രവേശനം, 10 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷ്വറൻസും പൂർണ്ണ സ്ഥിര വൈകല്യ ഇൻഷ്വറൻസ് പരിരക്ഷയും ഇതിൽ ലഭിക്കും. കാർഡ് ഉടമകൾക്ക് ഓരോ ത്രൈമാസത്തിലും സൗജന്യ ഗോൾഫ് പരിശീലന ക്ലാസുകൾ, ആരോഗ്യപരിപാലന സേവനങ്ങൾ, കാബ് അഗ്രിഗേറ്റർമാരുടെ യാത്ര കൂപ്പണുകൾ, വാർഷിക പ്രിമിയം ഹെൽത്ത് ചെക്ക് അപ്പ് എന്നിവയും ലഭ്യമാണ്.
ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ ആഗോള ബാങ്കിംഗ് അനുഭവം നൽകുന്നതിനുള്ള ഒരു നിർണ്ണായക ചുവടുവെപ്പാണ് ഇന്റർനാഷണൽ റൂപേ സെലക്ട് ഡെബിറ്റ് കാർഡെന്ന് ഉജ്ജീവൻ എസ്.എഫ്.ബിയുടെ റീട്ടെയിൽ ലയബിലിറ്റീസ് ടാസ്ക് വിഭാഗം തലവൻ ഹിതേന്ദ്ര ഝാ പറഞ്ഞു.