വയനാടിന്റെ ഹരിതഭംഗി വീണ്ടെടുക്കാൻ മണ്ണിൽ വീഴും 1.5 ലക്ഷം വിത്തുകൾ

Tuesday 08 July 2025 12:02 AM IST
വനത്തിലെറിയാൻ തയ്യാറാക്കിയ വിത്തുണ്ടകൾ പ്രദർശിപ്പിക്കുന്നു

സുൽത്താൻ ബത്തേരി : വയനാടിന്റെ ഹരിതഭംഗി വീണ്ടെടുക്കാൻ മണ്ണിൽ വീഴുക ഒന്നര ലക്ഷം വിത്തുണ്ടകൾ. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തുടങ്ങിയ വിത്തെറിയൽ ആഗസ്റ്റ് പതിനഞ്ചോടെ അവസാനിക്കും. അടുത്ത അഞ്ച് വർഷത്തിനകം സ്വാഭാവിക വനങ്ങളാൽ വയനാട് സമ്പന്നമാക്കുകയാണ് ലക്ഷ്യം. അധിനിവേശ സസ്യങ്ങളുടെ വരവും പ്രതികൂല കാലാവസ്ഥയും കാട്ടുതീയും നക്കിത്തുടച്ച വനമേഖലയെ പച്ചയണിയിക്കുകയും വന്യമൃഗങ്ങൾക്ക് വനത്തിൽ തന്നെ തീറ്റയൊരുക്കുകയുമാണ് ഉദ്ദേശ്യം. കഴിഞ്ഞ വർഷം വനത്തിൽ നിക്ഷേപിച്ച രണ്ട് ലക്ഷത്തോളം തൈകൾ നാമ്പിട്ടു. ഇത് വനത്തിന്റെ സ്വാഭാവികതയിലേക്കുള്ള തിരിച്ചുവരവായിരുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ നാല് റെയിഞ്ചുകളും ഫോറസ്റ്റ് സ്‌റ്റേഷനുകളും സെക്ഷൻ ഫോറസ്റ്റുകളും മുൻകൈയെടുത്താണ് വിത്തെറിയുന്നത്. കാട്ടുതീ വിഴുങ്ങിയ മേഖലകളിലും ഫലവൃക്ഷങ്ങൾ കുറഞ്ഞതും സ്വാഭാവിക വനങ്ങൾ ഇല്ലാത്തതുമായ പ്രദേശത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിസ്ഥിതി സ്‌നേഹികളുടെയും സഹകരണത്തോടെ ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിത്തുകൾ നിക്ഷേപിക്കുന്നത് . വിത്ത് വനത്തിൽ എറിയുന്നതിന് പുറമെ വനത്തിലെ തുറസായ സ്ഥലങ്ങളിൽ വൃക്ഷതൈകളും നടുന്നുണ്ട്. തോൽപ്പെട്ടി, കുറിച്ച്യാട്, സുൽത്താൻ ബത്തേരി , മുത്തങ്ങ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് കീഴിലുള്ള ദാസനക്കര, കുപ്പാടി, വണ്ടിക്കടവ്, താത്തൂർ, നായ്‌ക്കെട്ടി, കാരശ്ശേരി ,ഒട്ടിപ്പാറ, പൊൻകുഴി തുടങ്ങിയ ഫോറസ്റ്റ് സ്‌റ്റേഷനുകളുടെയും സെക്ഷൻ ഫോറസ്റ്റുകളും കേന്ദ്രീകരിച്ചാണ് വിത്തെറിയുന്നത്. വന്യജീവി സങ്കേതത്തിന് പുറമെ നോർത്ത് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനുകളുടെ കീഴിലുമാണ് വിത്തെറിയുന്നത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പ്രദേശങ്ങളിൽ മാത്രം 22000 വിത്തുണ്ടകളാണ് നിക്ഷേപിക്കുന്നത്.

വിത്തുണ്ടകൾ

മണ്ണും ചാണകവും മണലും ചേർത്ത് ചെറിയ ബോൾ രൂപത്തിലാക്കിയശേഷം മരങ്ങളുടെ വിത്തുകൾ അതിൽ നിക്ഷേപിച്ചുണ്ടാക്കുന്നതാണ് വിത്തുണ്ടകൾ. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയ്ക്കനുസരിച്ചുള്ള വൃക്ഷതൈകളുടെയും മുളയുൾപ്പെടെയുള്ള പുല്ല് വർഗങ്ങളുടെയും വിത്തുകളാണ് വനത്തിലെറിയുന്നത്.

''പരിസ്ഥിതിക്കിണങ്ങുന്ന സ്വാഭാവിക വൃക്ഷങ്ങളുടെ വിത്തുകളാണ് ഇപ്പോൾ വനത്തിൽ നിക്ഷേപിക്കുന്നത്. സ്വഭാവിക വനങ്ങൾ വയനാടൻ വനമേഖലയിൽ പിടിമുറുക്കുന്നതോടെ വന്യമൃഗങ്ങൾ കാട്ടിൽ തന്നെ നിലയുറപ്പിക്കും.ഇതോടെ മനുഷ്യ-വന്യജീവി സംഘർഷത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ കഴിയും. അജിത് കെ.രാമൻ,​ സൗത്ത് വയനാട് ഡി.എഫ്.ഒ .