വ്യാപാര യുദ്ധ ഭീഷണിയിൽ അടിതെറ്റി രൂപ

Tuesday 08 July 2025 12:35 AM IST

പുതിയ തീരുവ ഭീഷണിയുമായി ട്രംപ്

കൊച്ചി: ആഗോള വ്യാപാര യുദ്ധത്തിന് തീവ്രത പകർന്ന് ഡൊണാൾഡ് ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയവയടങ്ങിയ കൂട്ടായ്മയായ ബ്രിക്‌സിന്റെ നയങ്ങളെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങൾക്ക് പത്ത് ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്നാണ് ഇന്നലെ ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയത്. ഇതോടെ രൂപയുടെ മൂല്യം 86.05 വരെ താഴ്ന്നു. രണ്ട് വർഷത്തിനിടെ രൂപയുടെ മൂല്യത്തിൽ ഒരു ദിവസമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. എന്നാൽ പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ ഡോളർ വിറ്റഴിച്ചതോടെ രൂപ നില മെച്ചപ്പെടുത്തി. വ്യാപാരാന്ത്യത്തിൽ രൂപ 46 പൈസയുടെ നഷ്‌ടവുമായി 85.85ൽ അവസാനിച്ചു. ഇന്ന് രാവിലെ മുതൽ വിവിധ രാജ്യങ്ങൾക്കെതിരെ പകരച്ചുങ്ക കത്തുകൾ അയച്ചു തുടങ്ങുമെന്നാണ് ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചത്.

ദക്ഷിണാഫ്രിക്കയുടെ നാണയമായ റാൻഡ്, ചൈനീസ് യുവാൻ എന്നിവയുടെ മൂല്യത്തിലും കനത്ത ഇടിവുണ്ടായി.

കരുതലോടെ നിക്ഷേപകർ

1. അമേരിക്കൻ നയങ്ങൾക്കെതിരെ നിൽക്കുന്ന രാജ്യങ്ങൾക്കെതിരെ ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ തിരിച്ചടിയാകും

2. അമേരിക്കയുമായി ഇടക്കാല സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചില്ലെങ്കിൽ ഇന്ത്യൻ കമ്പനികളുടെ കയറ്റുമതി പ്രതിസന്ധിയിലാകും

3. തീരുവ യുദ്ധം വീണ്ടും ശക്തമാകുന്നതോടെ ആഗോള വ്യാപാര രംഗം കടുത്ത പ്രതിസന്ധിയിലേക്ക് മൂക്കുകുത്തുമെന്ന ആശങ്കയേറുന്നു

4. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയുടെ മൂല്യത്തകർച്ചയും വിപണിയിൽ വിൽപ്പന സമ്മർദ്ദം വീണ്ടും ശക്തമാക്കിയേക്കും

സ്വർണ വിലയിൽ ഇടിവ്

ആഗോള വിപണിയിൽ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിച്ചതോടെ സ്വർണ വില വീണ്ടും ഇടിഞ്ഞു. ഇന്നലെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,300 ഡോളറിലേക്കാണ് താഴ്ന്നത്. കേരളത്തിൽ സ്വർണ വില പവന് 400 രൂപ കുറഞ്ഞ് 72,080 രൂപയിലെത്തി. ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 9,010 രൂപയിലെത്തി. അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ഫെഡറൽ റിസർവ് മുഖ്യ പലിശ കുറച്ചേക്കുമെന്ന വിലയിരുത്തലും സ്വർണത്തിന് പ്രിയം കുറച്ചു.