ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുമായി സംവദിച്ച് ഉപരാഷ്ട്രപതി

Tuesday 08 July 2025 1:34 AM IST

കൊച്ചി: കളമശേരി നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നടന്ന ' ഗ്രീറ്റ് ആൻഡ് മീറ്റ് ദി വൈസ് പ്രസിഡന്റ്' പരിപാടിയിൽ ഭിന്നശേഷിക്കാരായ കുട്ടികൾ, അവരുടെ രക്ഷിതാക്കൾ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവരുമായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ സംവദിച്ചു. സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറീച്ച്‌മെന്റിന്റെ (സിഫി) നേതൃത്വത്തിലായിരുന്നു പരിപാടി. സിഫി ചെയർപേഴ്സൺ ഡോ. പി.എ. മേരി അനിതയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ മധുരം നൽകിയാണ് ഉപരാഷ്ട്രപതി സ്വീകരിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികൾ നിർമ്മിച്ച വിവിധതരം മെഴുകുതിരികൾ മേഘ സണ്ണിയും മാർട്ടിൻ ടോമും ചേർന്ന് ഉപരാഷ്ട്രപതിക്ക് സമ്മാനിച്ചു.

ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേദി ഒരുക്കേണ്ടതിന്റെ ആവശ്യകതയും അവരുടെ രക്ഷകർത്താക്കളുടെ ആവശ്യങ്ങളും അരക്ഷിതാവസ്ഥയും സിഫി ചെയർപേഴ്സൺ ഉപരാഷ്ട്രപതിയെ ധരിപ്പിച്ചു. രാഷ്ട്രം മുഴുവനും ഈ കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് രാഷ്ട്രപതി ഉറപ്പു നൽകി. ഉപരാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയിൽ എല്ലാ അമ്മമാരും സന്തോഷം പങ്കുവച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, മന്ത്രി ആർ.ബിന്ദു എന്നിവരും ഉപരാഷ്ട്രപതിയെ അനുഗമിച്ചു.