പൊലീസ് സിസ്റ്റേഴ്‌സ്; സ്റ്റേഷന്റെ ഐശ്വര്യം

Tuesday 08 July 2025 12:39 AM IST

കൊല്ലം: വൃന്ദ... എസ് സാർ,​ നന്ദ ... എസ് സാർ. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ റോൾ കാൾ വിളിച്ചു. ഓഫീസർക്കു മുന്നിൽ സല്യൂട്ടടിച്ച് നിൽക്കുന്നത് സഹോദരിമാരാണ്. ഒരുമിച്ച് പരിശീലനം കഴിഞ്ഞു. ഒരിടത്ത് നിയമനവും കിട്ടി.

മടത്തറ സോപാനത്തിൽ രാജീവ്കുമാർ-ഷീബ ദമ്പതികളുടെ മക്കളാണിവർ. വൃന്ദ (31) നേരത്തേ ഒരു തവണ സി.പി.ഒ പരീക്ഷ ജയിച്ചിരുന്നെങ്കിലും ഫിസിക്കൽ കടക്കാനായില്ല. അടുത്ത ഊഴം അനുജത്തി നന്ദയ്‌ക്ക് (28) ഒപ്പമായിരുന്നു. ഇരുവർക്കും സെലക്ഷനായി. തൃശൂർ പൊലീസ് ക്യാമ്പിലായിരുന്നു പരിശീലനം.

2024 ജൂണിലായിരുന്നു പാസിംഗ് ഔട്ട്.

വിമൻ ബറ്റാലിയനിലും തുടർന്ന് കൊല്ലം എ.ആർ.ക്യാമ്പിലും ഒന്നിച്ച് പ്രവർത്തിച്ചു. സ്റ്റേഷൻ പോസ്റ്റിംഗിന്റെ സമയത്ത് കൊല്ലം റൂറൽ എസ്.പി സാബു മാത്യുവിനോട് ഒരേ സ്റ്റേഷൻ വേണമെന്ന ആഗ്രഹം ഇരുവരും പ്രകടിപ്പിച്ചു. സാധിച്ചുകിട്ടി. കഴിഞ്ഞ ഒക്ടോബറിൽ കടയ്ക്കലിൽ ജോയിൻ ചെയ്തു. ബിരുധമുള്ളവരാണ് ഇരുവരും.

മത്സരിച്ച് പഠനം;

ജോലി,​ കല്യാണം

പി.എസ്.സി പഠനത്തിനിടെയായിരുന്നു വൃന്ദയുടെ വിവാഹം. കടയ്ക്കലിൽ പി.എസ്.സി കോച്ചിംഗ് സെന്റർ നടത്തിയിരുന്ന സുജിനുമായി. വൃന്ദയ്ക്കും സുജിനുമൊപ്പം പരീക്ഷാ പരിശീലനത്തിന് നന്ദയും കൂടി. വീട്ടിൽ കമ്പൈൻഡ് സ്റ്റ‌ഡിയും നടത്തി. പരസ്പരം ചോദ്യം ചോദിച്ചും ഉത്തരങ്ങൾ കണ്ടെത്തിയും പഠനം. സഹോദരിമാർ സി.പി.ഒമാരായപ്പോൾ സുജിൻ സിവിൽ എക്സൈസ് ഓഫീസറായി. വൃന്ദ ഇംഗ്ലീഷിലും നന്ദ ഫിസിക്സിലുമാണ് ബിരുദം നേടിയത്. ഒന്നാംക്ലാസുകാരനായ നന്ദികേശാണ് വൃന്ദയുടെ മകൻ.

അന്നു കിട്ടിയ തല്ല്

കഴിഞ്ഞ മാസം 19ന് കൊട്ടാരക്കരയിൽ റൂറൽ എസ്.പിയുടെ ഓഫീസിലേക്ക് ട്രാൻസ്ജൻഡർമാർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സോഡാക്കുപ്പിയുൾപ്പെടെ പൊലീസിനു നേർക്കെറിഞ്ഞു. സി.ഐ ഉൾപ്പെടെ പത്തിലേറെ പൊലീസുകാർക്ക് പരിക്കേറ്റു. വൃന്ദയ്ക്കും നന്ദയ്ക്കും കിട്ടി. ‌ഡ്യൂട്ടിക്കിടയിലെ കയ്പുള്ള അനുഭവമതാണ്.

ഒന്നിച്ച് ജോലി ചെയ്യാൻ സാധിക്കുന്നതിൽ ഏറെ സന്തോഷം. ടെസ്റ്റെഴുതി ഉയർന്ന തസ്തികയിൽ എത്തുകയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം

ആർ.എസ്.വൃന്ദ,​ ആർ.എസ്.നന്ദ,​