രജിസ്ട്രാറെ നിയമിക്കാൻ അധികാരം സിൻഡിക്കേറ്റിന്: ബാലഗോപാൽ

Tuesday 08 July 2025 1:38 AM IST

കൊല്ലം: കേരള സർവകലാശാല രജിസ്ട്രാറെ നിയമിക്കാൻ അധികാരം സിൻഡിക്കേറ്റിനാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കൊല്ലത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധിയിൽ വി.സി എന്ത് സമീപനമാണ് സ്വീകരിക്കുന്നതെന്ന് നോക്കണം. സിൻഡിക്കേറ്റാണ് നിയമപരമായി അപ്പോയിന്റിംഗ് അതോറിറ്റി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലുമൊക്കെ വ്യക്തികൾക്ക് ഇടപെടാനാകുമോ?. യൂണിവേഴ്സിറ്റി എന്ന സമ്പ്രദായത്തിൽ സിസ്റ്റമുണ്ട്. അതിനാൽ ഇനിയെങ്കിലും ഇത്തരം സംഘർഷങ്ങളും വിവാദങ്ങളും വർദ്ധിപ്പിക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്. കോടതിവിധി സർവകലാശാലകൾക്ക് പൊതുവെ ആശ്വാസകരമാണ്. ആ ആശ്വാസം വളരെ പക്വതയോടെ മനസിലാക്കാൻ ഉയർന്ന വേദിയിലുള്ളവർ തയ്യാറാകണം. മഹത്തായ വിദ്യാഭ്യാസ സമ്പ്രദായത്തെ ആകെ തകർക്കുന്ന നിലപാട് ഉണ്ടാകരുത്. മാദ്ധ്യമങ്ങൾ ഈ വിഷയത്തെ വാർത്തപോലെ കണ്ടാൽ പോരെന്നും മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട വിഷയത്തിൽ യൂത്ത് കോൺഗ്രസും ബി.ജെ.പിയും നടത്തുന്ന പ്രതിഷേധം ജനം തള്ളിക്കളയും. വഴിനീളെ ചാടി എന്ത് അക്രമവും കാട്ടാമെന്ന ധാരണയുമായി ആരും മുന്നോട്ടുപോകേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.