സിൻഡിക്കേറ്റിന് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: ഞായറാഴ്ചത്തെ പ്രത്യേകസിൻഡിക്കേറ്റിലെ വിവാദതീരുമാനങ്ങളെക്കുറിച്ച് വി.സിയുടെ ചുമതലയുള്ള ഡോ.സിസാതോമസ് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സമാന്തരയോഗത്തിലെ തീരുമാനങ്ങൾ റദ്ദാക്കാൻ ഗവർണർ തീരുമാനിച്ചത്.
കേരള യൂണവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് തീരുമാനപ്രകാരം ഡോ.അനിൽകുമാർ രജിസ്ട്രാറായി ചുമതലയേറ്റതിനെക്കുറിച്ച് ഇന്നലെ ഗവർണർ വി.സിയോട് റിപ്പോർട്ട് തേടിയിരുന്നു. സർവകലാശാലാ നിയമം 7(3)പ്രകാരം മിനിട്ട്സും രേഖകളും ഗവർണർ വിളിപ്പിച്ച് പരിശോധിക്കും. സിൻഡിക്കേറ്രിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയശേഷമായിരിക്കും സമാന്തരയോഗവും അതിലെ തീരുമാനങ്ങളും ഗവർണർ റദ്ദാക്കുക.
രജിസ്ട്രാറുടെ ചുമതല നൽകിയിരുന്ന സീനിയർ ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാറിൽ നിന്ന് താൻ ചുമതലയേറ്രതായി ഡോ.അനിൽകുമാർ വി.സിയെ അറിയിച്ചിരുന്നു. ഹരികുമാറിനോട് വി.സി വിശദീകരണം തേടിയപ്പോൾ സ്വകാര്യാവശ്യത്തിന് രണ്ടുദിവസം അവധിയിലാണെന്നും ചുമതല ഡോ.അനിൽകുമാറിന് കൈമാറിയെന്നുമാണ് ഹരികുമാർ ഇ-മെയിലയച്ചത്. ഇതേത്തുടർന്ന് പി.ഹരികുമാറിനെ അഡ്‌മിനിസ്ട്രേഷൻ സീനിയർ ജോയിന്റ് രജിസ്ട്രാറുടെ ചുമതലയിൽ നിന്നുമാറ്റി അക്കാഡമിക് ജോ.രജിസ്ട്രാർ ഹേമാആനന്ദനെ നിയമിച്ചു. ഹരികുമാറിനെ അക്കാഡമികിലേക്ക് മാറ്റിയിട്ടുണ്ട്. ഡോ.അനിൽകുമാറിന് ചുമതല നൽകിയതിന് വി.സി ആവശ്യപ്പെട്ട രേഖകൾ ഹരികുമാർ കൈമാറിയിട്ടില്ല. ഡോ.സിസാതോമസ് ഇന്നലെ സർവകലാശാലയിലെത്തിയില്ല. സമാന്തരയോഗത്തിനെതിരേ നടപടിയാവശ്യപ്പെട്ട് സെനറ്റംഗം അഡ്വ.മഞ്ജു ഗവർണർക്ക് പരാതിനൽകി.
വി.സിയുടെ രജിസ്ട്രാറെ
തടയാൻ ജീവനക്കാർ
രജിസ്ട്രാറുടെ ചുമതലയിൽ രണ്ടുപേരെന്ന അപൂർവതയാണിപ്പോൾ കേരള സർവകലാശാലയിൽ. ഡോ.കെ.എസ്.അനിൽകുമാർ സിൻഡിക്കേറ്രിന്റെ സമാന്തരയോഗത്തിന്റെ നിർദ്ദേശപ്രകാരം രജിസ്ട്രാറുടെ ഓഫീസിലുണ്ട്. പ്ലാനിംഗ് ഡയറക്ടർ ഡോ.മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല വി.സി കൈമാറി. അവർക്ക് ചുമതല ഏൽക്കാനായില്ല. മുറിയിൽ പ്രവേശിക്കുന്നതു തടയാൻ ഇടതു പക്ഷ ജീവനക്കാർ നിലയുറപ്പിച്ചിരുന്നു.
നേരത്തേ ചുമതലയുണ്ടായിരുന്ന പി.ഹരികുമാറിന് പകരമാണിത്. ഡിജിറ്റൽ ഫയൽ സംവിധാനത്തിൽ നിന്ന് അനിൽകുമാറിന്റെ യൂസർ ഐ.ഡിയും പാസ്‌വേർഡും നേരത്തേ വി.സി റദ്ദാക്കിയിരുന്നു. വി.സി.ഡോ.മോഹനൻ കുന്നുമ്മേൽ 9ന് തിരിച്ചെത്തിയശേഷം ഹരികുമാറിനെതിരെ നടപടിയെടുത്തേക്കും.
'സസ്പെൻഷൻ റദ്ദാക്കാൻ
തീരുമാനമില്ല, മിനിട്ട്സുമില്ല'
ഡോ.അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കാൻ സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനിച്ചിട്ടില്ലെന്ന് ഡോ.സിസാതോമസ് ഗവർണർക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. ഡോ.അനിൽകുമാർ സസ്പെൻഷനിൽ തന്നെയാണ്. ഓഫീസിലെത്തിയതിന് സാധുതയില്ല. സിൻഡിക്കേറ്റ് യോഗതീരുമാനങ്ങളടങ്ങിയ മിനിട്ട്സ് തനിക്ക് ലഭിച്ചിട്ടില്ല. മിനിട്ടിസിൽ വി.സി ഒപ്പിട്ടാലേ അതിന് സാധുതയുള്ളൂ. സസ്പെൻഷൻ റദ്ദാക്കി ഉത്തരവിറക്കാൻ വി.സിക്കല്ലാതെ അധികാരമില്ല. സർവകലാശാലയിൽ നിയമപ്രകാരം പ്രവർത്തിക്കാൻ സംവിധാനമൊരുക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
രാജേഷിന്റെ ഹർജി വിധി
പറയാനിരിക്കേ കുരുക്ക്
കൊച്ചി: കേരള സർവകലാശാലാ സിൻഡിക്കേറ്റംഗവും മുൻ എം.എൽ.എയുമായ ആർ. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി ഹൈക്കോടതി വിമർശിച്ചത്സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട് രാജേഷ് നൽകിയ ഹർജി വിധി പറയാൻ മാറ്റിയിരിക്കുന്ന പശ്ചാത്തലത്തിലാണ്.
'ഹൈക്കോടതിയിൽ ഇരിക്കുന്നത് നീതിദേവതയാണ്, കാവിക്കൊടിയേന്തിയ സ്ത്രീയല്ല" എന്ന തലക്കെട്ടിലുള്ള കുറിപ്പിനെയാണ് കോടതി വിമർശിച്ചത്. രണ്ടു ജഡ്ജിമാരുടെ പേരു പറഞ്ഞും ആരോപണമുണ്ടായിരുന്നു.
പോസ്റ്റ് കോടതിയുടെയും ന്യായാധിപന്റെയും സൽപ്പേരാണ് കളങ്കപ്പെടുത്തുന്നതെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി. കേസിന്റെ പേരിൽ സമ്മർദ്ദം ചെലുത്താനാണ് ശ്രമം. അത് അംഗീകരിക്കാനാകില്ല. പോസ്റ്റ് അസ്വസ്ഥയുണ്ടാക്കുന്നതാണെന്നും കോടതി പറഞ്ഞു.