നഴ്സിംഗ് കൗൺസിൽ തിരഞ്ഞെടുപ്പ്: 64,000കള്ളവോട്ട്; യു.എൻ.എ നിയമ പോരാട്ടത്തിലേക്ക്

Tuesday 08 July 2025 12:00 AM IST

തിരുവനന്തപുരം : കേരള നഴ്സിംഗ് കൗൺസിൽ തിരഞ്ഞെടുപ്പിൽ 64,000 ബാലറ്റുകൾ കള്ളവോട്ടാണെന്ന് ചിത്രീകരിച്ച് മാറ്റിയ ശേഷം ഇടതുപക്ഷ പാനലിനെ ഒന്നടങ്കം വിജയിച്ചതായി പ്രഖ്യാപിച്ചതിനെതിരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) കോടതിയെ സമീപിക്കും. തങ്ങൾക്ക് അനുകൂലമായ വോട്ടുകളെയാണ് കള്ളവോട്ടുകളെന്ന് മുദ്രകുത്തിയതെന്നും പോൾചെയ്തിൽ 35ശതമാനത്തിലധികം കള്ളവോട്ടാണെങ്കിൽ തിഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് യു.എൻ.എയുടെ ആവശ്യം.

ഇത്രയധികം കള്ളവോട്ടുകൾ നടത്തി തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച യു.എൻ.എയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇടതുപക്ഷ യൂണിയൻ പൊലീസിലും പരാതി നൽകി. വസ്തുത കണ്ടെത്തണമെന്ന ആവശ്യവുമായി റിട്ടേണിംഗ് ഓഫീസറും പൊലീസിനെ സമീപിച്ചു. നഴ്സിംഗ്, എ.എൻ.എം വിഭാഗങ്ങളിലെ വോട്ടർമാരായ നാലു ലക്ഷത്തിലധികം രജിസ്റ്റേഡ് നഴ്സുമാർക്ക് ബാലറ്റ് അയച്ചതിൽ 1.76ലക്ഷം ബാലറ്റുകളാണ് തിരികെ ലഭിച്ചത്. ഇതിലാണ് 64,000 വോട്ടുകൾ കള്ളവോട്ടാണെന്ന് സംശയിച്ച് മാറ്റിയത്.

ഇന്നലെ ഇടതുപക്ഷം നേതൃത്വം നൽകിയ പ്രോഗ്രസീവ് നഴ്സസ് ഫോറത്തിന്റെ ഒൻപത് പേരെയും വിജയികളായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കി. നഴ്സിംഗ് കൗൺസിൽ ചട്ടപ്രകാരം വിജ്ഞാപനമിറങ്ങിയാൽ കൗൺസിൽ രജിസ്ട്രാർക്ക് പരാതി നൽകിയ ശേഷമേ കോടതിയെ സമീപിക്കാനാകൂ. ഇന്ന് രജിസ്ട്രാർക്ക് പരാതി നൽകിയ ശേഷം കോടതിയിൽ കേസ് ഫയൽ ചെയ്യും. പത്തുമാസത്തോളം നീണ്ട നടപടികൾക്കൊടുവിൽ വെള്ളിയാഴ്ചയായിരുന്നു വോട്ടെണ്ണൽ.

ചില ബാലറ്റുകളിൽ സംശയംഉയർന്നതോടെ കള്ളവോട്ടുകൾ ആദ്യം എണ്ണിമാറ്റാൻ തീരുമാനിച്ചു.

ശനിയാഴ്ച ഉച്ചയോടെയാണ് ഇത് അവസാനിച്ചത്. തുടർന്നായിരുന്നു വോട്ടെണ്ണൽ. രാത്രി വൈകി ഫലം പ്രഖ്യാപിച്ചു.

അളവിലും ഒപ്പിലും വ്യത്യാസം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കള്ളവോട്ടുകൾ തരംതിരിച്ച് മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം.ഇടതുപക്ഷ സംഘടനകളായ കെ.ജി.എൻ.എ, എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ,കെ.എൻ.യു എന്നിവ സംയുക്തമാണ് പ്രോഗ്രസീവ് നഴ്സസ് ഫോറം ആയി മത്സരിച്ചത്.

വോട്ടെണ്ണലിന്

വേണ്ടപ്പെട്ടവർ

സഹ.വകുപ്പിലെ ഇടതുപക്ഷക്കാരായ ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ചാണ് വോട്ടെണ്ണലിന് നിയോഗിച്ചതെന്ന് യു.എൻ.എ ആരോപിക്കുന്നു. യു.എൻ.എയ്ക്ക് അനുകൂലമായ വോട്ടുകളെല്ലാം കള്ളവോട്ടുകളാക്കി മാറ്റി. ശനിയാഴ്ച അർദ്ധരാത്രി ഫലപ്രഖ്യാപനം നടത്തി. ഇന്നലെ രാവിലെ തിടുക്കപ്പെട്ട് വിജ്ഞാപനമിറക്കിയത് കേസ് തടയുന്നതിന് വേണ്ടിയാണെന്നു. കോടതിയിൽ സത്യം തെളിയുമെന്നും യു.എൻ.എ നേതാക്കൾ പറഞ്ഞു.

നിയമവകുപ്പിലെ അണ്ടർ സെക്രട്ടറി അരുൺകുമാർ എസ്.എസായിരുന്നു വരണാധികാരി.

പുതിയ കൗൺസിൽ ഉടൻ

തിഞ്ഞെടുക്കപ്പെട്ട ഒൻപത് പേരുടെ വിജ്ഞാപനമിറങ്ങിയതോടെ ഇനി സർക്കാർ നോമിനികളായ മൂന്ന് പേരെ കൂട്ടി നിശ്ചയിച്ചാൽ അന്തിമ വിജ്ഞാപനമിറങ്ങും. വിഷയം കോടതി കയറുമെന്ന് ഉറപ്പായതോടെ നടപടികളും വേഗത്തിലാണ്.