കടപ്രയിൽ പൂച്ചപ്പുലിയെ പിടികൂടി  : കെണിയായത് കോഴിക്കൂട്  

Tuesday 08 July 2025 12:49 AM IST

തിരുവല്ല : കടപ്രയിൽ വീട്ടിലെ കോഴിക്കൂട്ടിൽ കുടുങ്ങിയ പൂച്ചപ്പുലിയെ (കാട്ടുപൂച്ച) വനപാലകരെത്തി പിടികൂടി. കടപ്ര വളഞ്ഞവട്ടം പത്താംവാർഡിൽ വടക്കേടത്ത് മോഹനന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പൂച്ചപ്പുലി കുടുങ്ങിയത്. ഇന്നലെ പുലർച്ചെ അഞ്ചിനാണ് സംഭവം. കോഴികളുടെ ബഹളംകേട്ട് മോഹനൻ എത്തിയപ്പോഴാണ് കോഴിക്കൂട്ടിൽ കുടുങ്ങിയ പൂച്ചപ്പുലിയെ കണ്ടത്. ഒരു കോഴിയെ കൊന്നു. മറ്റു കോഴികൾ കൂടിന്റെ പുറത്തുചാടിപ്പോയതിനാൽ പൂച്ചപ്പുലിക്ക് പിടികൂടാനായില്ല. വാർഡ് മെമ്പർ പാർവ്വതി, എസ്.എൻ.ഡി.പി.യോഗം കടപ്ര വളഞ്ഞവട്ടം ശാഖാ പ്രസിഡന്റ് സുഭാഷ് മേപ്രശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ഇതേതുടർന്ന് ഇന്നലെ രാവിലെ 7.30ന് റാന്നിയിൽ നിന്നെത്തിയ വനപാലകർ ചേർന്ന് കോഴിക്കൂട്ടിൽ കുടുങ്ങിയ പൂച്ചപ്പുലിയെ പിടികൂടി ഇരുമ്പ് കൂട്ടിലാക്കി കൊണ്ടുപോയി. രണ്ടാഴ്ച മുമ്പ് പുളിക്കീഴിലെ വീട്ടിൽ കയറിയ കാട്ടുപൂച്ചയേയും വനപാലകർ സ്ഥലത്തെത്തി പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച മണിപ്പുഴയിൽ എത്തിയ പൂച്ചപ്പുലിയുടെ വീഡിയോ ദൃശ്യങ്ങൾ കണ്ട് പുലിയാണെന്ന് പ്രചരിച്ചതോടെ വനപാലകർ സ്ഥലത്തെത്തി വ്യക്തത വരുത്തിയതോടെയാണ് ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞത്.