യോഗ അസോസിയേഷൻ സർട്ടിഫിക്കറ്റുകളുടെ അംഗീകാരം റദ്ദാക്കി
കൊച്ചി: കേരള യോഗ അസോസിയേഷൻ നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് സർവകലാശാലകളുടെ ഡിഗ്രി, ഡിപ്ലോമ എന്നിവയ്‌ക്ക് തുല്യമായ അംഗീകാരം നൽകിയ കേരള സ്‌പോർട്‌സ് കൗൺസിൽ നടപടിയും കോഴ്‌സ് പാസായവരെ യോഗ ഇൻസ്ട്രക്ടർമാരായി നിയമിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ കേന്ദ്രമായ യോഗ ടീച്ചേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് ടി.പി. അശോക് കുമാർ നൽകിയ ഹർജിയിലാണിത്.
2016ൽ സ്ഥാപിച്ച സ്വകാര്യ സംഘടനയായ യോഗ അസോസിയേഷന്റെ കോഴ്‌സുകൾക്ക് അംഗീകാരം നൽകിയത് തെറ്റാണെന്ന് ഹർജിക്കാരൻ വാദിച്ചു. അസോസിയേഷന്റെ സർട്ടിഫിക്കറ്റുള്ളവരെ തദ്ദേശ സ്ഥാപനങ്ങളിൽ ഇൻസ്ട്രക്ടർമാരായി നിയമിച്ചതും ചൂണ്ടിക്കാട്ടി.
അസോസിയേഷന്റെ യോഗ കോഴ്‌സിന് എങ്ങനെയാണ് അംഗീകാരം നൽകിയതെന്ന് സർക്കാരിന് വിശദീകരിക്കാനാകുന്നില്ലെന്ന് കോടതി വിലയിരുത്തി. സ്‌പോർട്സ് കൗൺസിൽ കോഴ്‌സുകൾക്ക് അംഗീകാരം നൽകിയ നടപടി തെറ്റാണെന്നും പറഞ്ഞു. ഹർജിക്കാരനായി അഡ്വ.ടി. അസഫലി ഹാജരായി.