നിപ: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

Tuesday 08 July 2025 12:00 AM IST

പാലക്കാട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ യുവതിയുടെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു. രണ്ട് ഡോസ് മോണോ ക്ലോണൽ ആന്റിബോഡി നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തിൽ പാലക്കാട് മെഡിക്കൽ കോളേജിൽ അവലോകന യോഗം ചേർന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. വ്യാജ പ്രചാരണങ്ങൾ നടത്തരുത്. നിപ ബാധിച്ച എല്ലാവരും മരിച്ചു എന്നത് വ്യാജമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പറഞ്ഞത് തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. 173 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി. ഇവരിൽ 100പേർ പ്രാഥമിക പട്ടികയിലാണ്. 52പേർ ഹൈ റിസ്‌ക് വിഭാഗത്തിലും.ചികിത്സയിലുള്ള യുവതിയുടെ ബന്ധുക്കളും ആദ്യ ദിവസങ്ങളിൽ ചികിത്സ നൽകിയ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരുമടക്കമാണിത്.

ഹൈ റിസ്‌ക് കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ട 5പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 4പേരുടെ കൂടി സാമ്പിളുകൾ അയച്ചിട്ടുണ്ട്. യുവതിയുടെ മകൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ തുടരുകയാണ്. 12പേർ പാലക്കാട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലായി ഐസൊലേഷനിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒരാളെ കണ്ടെത്താനുണ്ട്.

രോഗവ്യാപനം

തടയാൻ നടപടി

രോഗവ്യാപനം കണ്ടെത്താനും തടയാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ്

കണ്ടെയ്ൻമെന്റ് സോണിലെ വീടുകൾ പരിശോധിക്കും. ജൂൺ ഒന്നുമുതൽ മസ്തിഷ്‌ക മരണം സംഭവിച്ച കേസുകൾ പരിശോധിക്കുന്നുണ്ട്

മൃഗങ്ങൾക്ക് അസ്വാഭാവിക മരണം ഉണ്ടായോ എന്നും പരിശോധിക്കും. വവ്വാലുകളുടെ സാമ്പിൾ പരിശോധനയ്ക്ക് കേന്ദ്രത്തിന്റെ അനുമതി തേടി