ഓണപ്പൂക്കളമൊരുക്കാൻ പ്രമാടത്ത് പൂക്കൃഷി തുടങ്ങി

Tuesday 08 July 2025 12:01 AM IST

പ്രമാടം : ഓണം കളറാക്കാൻ കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഗ്രാമപഞ്ചായത്ത് പ്രമാടത്ത് പൂക്കൃഷി തുടങ്ങി. ബന്ദി, വാടാമുല്ല ചെടികളാണ് കൃഷി ചെയ്യുന്നത്.

വിഷരഹിതമായ പൂക്കൾ ഓണത്തിന് വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏക്കറ് കണക്കിന് സ്ഥലത്താണ് നല്ല നാടൻ ബന്ദിപ്പൂച്ചെടികളും വാടാമുല്ലയും കൃഷി ചെയ്യുന്നത്. കുടുംബശ്രീ മുഖാന്തിരവും വിവിധ ഗ്രൂപ്പുകൾ രൂപീകരിച്ചും വ്യക്തികൾ ഒറ്റയ്ക്കും കൃഷി ചെയ്യുന്നുണ്ട്. കൂടുതൽ ആളുകൾ പൂക്കൃഷിയിലേക്ക് എത്തുന്നുണ്ട്. ഇവർക്ക് ആവശ്യാനുസരണം തൈ എത്തിക്കാനുളള ശ്രമങ്ങൾ നടന്നുവരുന്നു.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വലുതും ചെറുതുമായ ഒട്ടേറെ കൃഷിയിടങ്ങളുണ്ട്.

മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പൂക്കൾ വിരിയുന്ന തൈകളാണ് നട്ടിരിക്കുന്നത്. ഓണക്കാലത്ത് ബന്ദിത്തോട്ടങ്ങൾ പൂത്തുലയും. കഴിഞ്ഞ വർഷവും ബന്ദിച്ചെടി കൃഷി ചെയ്തിരുന്നു. തൈ നടീലിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നാലാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് നിർവഹിച്ചു. വാർഡ് മെമ്പർ വി.ശങ്കർ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം എം.കെ.മനോജ്, കൃഷി ഓഫീസർ ആരതി, അസി.കൃഷി ഓഫീസർ അജീഷ് ഇടമുറിയിൽ, പി.ടി.ശ്രീകുമാരി, തുളസി ശ്രീകുമാർ, സാലി പാപ്പച്ചൻ, വിമല സജി, സുജാത ബിജു, ജയമോഹൻ എന്നിവർ പ്രസംഗിച്ചു.

പന്നിശല്യത്തിന് പരിഹാരം

കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശമാണ് പ്രമാടം. പന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനാൽ ഭൂരിഭാഗം ആളുകളും പരമ്പരാഗത കൃഷിയിൽ നിന്ന് പിൻമാറി. ഇതോടെ തരിശുനിലങ്ങളും രൂപപ്പെട്ടു. ഇതിന് പരിഹാരമായാണ് വലിയ മുതൽമുടക്കില്ലാതെ നല്ല വിളവും വരുമാനവും ലഭിക്കുന്നതും പന്നി ആക്രമണ പേടി ഇല്ലാത്തതുമായ പൂച്ചെടികൾ കൃഷി ചെയ്യാൻ പഞ്ചായത്ത് തീരുമാനിച്ചത്.

പൂക്കളുടെ കൃഷിക്ക് വലിയ പിൻതുണയാണ് ലഭിച്ചിരിക്കുന്നത്. കൂടുതൽ

പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപിക്കും.

പഞ്ചായത്ത് അധികൃതർ