ജില്ലാ ആയുർവേദ ആശുപത്രിയിലെ മലിനജലം ഒഴുകുന്നു പൊതുവഴിയിലൂടെ
കോഴഞ്ചേരി : അയിരൂർ ചെറുകോൽപ്പുഴയിലെ ജില്ലാ ആയുർവേദാശുപത്രിയിലെ മലിനജലം പൊതുവഴിയിലൂടെ ഒഴുകിയിറങ്ങുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. കുളിമുറികളിൽ നിന്നും മറ്റുമുള്ള മലിനജലം ശേഖരിക്കുന്ന ഭൂഗർഭ ടാങ്കുകൾ നിറഞ്ഞാണ് പുറത്തേക്കൊഴുകുന്നത്. സമീപ വീടുകളിലേക്കുള്ള വഴിയിലേക്കും ചെറുകോൽ പുഴ - റാന്നി പാതയിലേക്കുമാണ് മലിനജലം ഒഴുകുന്നത്. 100 കിടക്ക സൗകര്യമുള്ള ആശുപത്രിയിൽ അൻപതോളം ജീവനക്കാരും കൂട്ടിരിപ്പുകാരും കൂടിയാവുമ്പോൾ നിത്യേന കുളിമുറിയിൽ നിന്ന് പുറന്തള്ളുന്ന ജലം സംഭരണികൾക്ക് ഉൾക്കൊള്ളാൻ കഴിയാതെ വരുന്നു. ദുർഗന്ധം നിറഞ്ഞ വെള്ളം ഗുരുതര ആരോഗ്യ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. മലിനജലം പമ്പ് ചെയ്ത് ടാങ്കർ ലോറികളിൽ നീക്കം ചെയ്ത് പരിഹാരത്തിന് ശ്രമിച്ചെങ്കിലും 9000 രൂപയോളം വരുേ ചെലവ് താങ്ങാനാവാത്തതിനാൽ ഇതും മുടങ്ങി.
മലിനജല സംസ്കരണ പദ്ധതി
ശാശ്വത പരിഹാരമെന്ന നിലയിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മലിനജല സംസ്കരണ പദ്ധതി നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത് അൻപത് ലക്ഷം രൂപ അനുവദിച്ചിരുന്നു. പദ്ധതി നടപ്പിലാക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി പൊതുമരാമത്ത് വഴി ടെൻഡർ നല്കുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതി ഏറ്റെടുത്ത കരാറുകാരന്റെ മരണത്തോടെ പദ്ധതി വൈകുകയായിരുന്നു. ഇതേ തുടർന്ന് 2024 - 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 68 ലക്ഷം രൂപയായി പദ്ധതി വിഹിതം ഉയർത്തി തീരുമാനമെടുത്തെങ്കിലും ടെൻഡർ നടപടികൾ പൂർത്തിയായിട്ടില്ല. സർക്കാരിന്റെ പ്രത്യേക അനുമതി ഇക്കാര്യത്തിൽ ആവശ്യമാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് 28 ലക്ഷം രൂപ ചെലവഴിച്ച് സെപ്റ്റിക് ടാങ്കും മലിനജല സംഭരണിയും നിർമ്മിച്ചത്.
പുതിയ പദ്ധതിക്ക് വകയിരുത്തിയത് : 68 ലക്ഷം രൂപ
രോഗികളും കൂട്ടിരിപ്പുകാരും കുളിക്കുന്നതിനും തുണി അലക്കുന്നതിനും നിയന്ത്രണങ്ങളേർപ്പെടുത്തിയാണ് ഇപ്പോൾ പ്രശ്നത്തിന്റെ കാഠിന്യം കുറയ്ക്കുന്നത്.
പ്രദേശവാസി