തിരുവല്ല -മല്ലപ്പള്ളി റോഡിലെ കുഴികളടച്ചു
Tuesday 08 July 2025 12:25 AM IST
തിരുവല്ല : തിരുവല്ല - മല്ലപ്പള്ളി റോഡിൽ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപത്തെ ഇന്റർലോക്ക് പൊളിഞ്ഞു രൂപപ്പെട്ട കുഴിയടച്ചു. യാത്രക്കാരുടെ ദുരിതം സംബന്ധിച്ച് കേരളകൗമുദി ശനിയാഴ്ച പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് നടപടി. റോഡിലെ വെള്ളക്കെട്ട് കാരണം റോഡിലെ കുഴികൾ കാണാതെ അപകടങ്ങൾ പതിവായിരുന്നു. കഴിഞ്ഞ ബുധനാഴ്ച മാത്രം മൂന്ന് ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. മഴയത്ത് വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണം ഇവിടെ ടാറിംഗ് തകർച്ച പതിവായതോടെ സ്ഥാപിച്ച ഇന്റർലോക്ക് കട്ടകളാണ് പൊളിഞ്ഞു കുഴികൾ രൂപപ്പെട്ടത്. നിരവധി ആശുപത്രികളിലേക്കും സ്‌കൂളുകളിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും ഉൾപ്പെടെ പോകുന്ന യാത്രക്കാർക്ക് ദുരിതമായിരുന്നു. ഗതാഗതക്കുരുക്കും പതിവായിരുന്നു. വലിയ ഭാരവാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകുന്ന റോഡിലെ ഈ കുഴികൾ ഇന്നലെ അടച്ചതോടെ യാത്രക്കാർക്ക് ആശ്വാസമായി.