കപ്പൽ അപകടം , 9,531 കോടി നഷ്ടപരിഹാരം വേണമെന്ന് സർക്കാർ
കൊച്ചി: അറബിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ-3 കപ്പലിന്റെ കമ്പനിയിൽ നിന്ന് 9,531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.
പരിസ്ഥിതി, സാമ്പത്തിക മേഖലകളിൽ ഉണ്ടായ നഷ്ടം കണക്കിലെടുത്താണിത്. സർക്കാർ ഫയൽ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ച ജസ്റ്റിസ് എം.എ.അബ്ദുൽ ഹക്കീം, വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന ഇന്നുരാവിലെ പുറപ്പെടാനിരിക്കുന്ന എം.എസ്.സി കമ്പനിയുടെ 'അകിറ്റേറ്റ 2' എന്ന കപ്പൽ വ്യാഴാഴ്ചവരെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായതിനു ശേഷം കപ്പൽ വിട്ടയച്ചാൽ മതിയെന്നാണ് ഉത്തരവ്.
ഹർജിയിൽ തീർപ്പാകുന്നതു വരെ 6 ശതമാനം പലിശ സഹിതം ഇടക്കാല സഹായം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. പരിസ്ഥിതിനാശം, മത്സ്യത്തൊഴിലാളികളുടെ ഉപജീവനനഷ്ടം, കണ്ടെയ്നറുകളിൽ നിന്നും മറ്റും മാലിന്യം നീക്കാൻ വേണ്ട ചെലവ് എന്നിങ്ങനെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഹർജിയിൽ 10ന് വീണ്ടും വാദം കേൾക്കും.
ആവശ്യപ്പെട്ട
നഷ്ടപരിഹാരം
(തുക കോടിയിൽ)
മലിനീകരണം മൂലമുള്ള പരിസ്ഥിതി നാശം............... 8,626.12 പരിസ്ഥിതി പുനർനിർമ്മാണ ചെലവ്........................ 526.51 മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക നഷ്ടം......... 526.51 ആകെ നഷ്ടം.................................................................... 9,531