ക്ളബ് ലോകകപ്പിൽ ഇന്ന് ആദ്യ സെമി

Monday 07 July 2025 11:30 PM IST

ചെൽസി Vs ഫ്ളുമിനെൻസ്

രാത്രി 12.30 മുതൽ

ന്യൂജേഴ്സി : ക്ളബ് ലോകകപ്പ് ഫുട്ബാളിന്റെ ആദ്യ സെമിഫൈനലിൽ ഇന്ന് ഇംഗ്ളീഷ് ക്ളബ് ചെൽസി ബ്രസീലിയൻ ക്ളബ് ഫ്ളുമിനെൻസിനെ നേരിടും. ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ രാത്രി 12.30നാണ് മത്സരം തുടങ്ങുന്നത്.

മേയ് മാസത്തിൽ യുവേഫ കോൺഫെഡറേഷൻസ് കപ്പ് ജേതാക്കളായി ക്ളബ് ലോകകപ്പിനെത്തിയ ചെൽസി ഗ്രൂപ്പ് ഡിയിലെ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിക്കുകയും ഒന്ന് തോൽക്കുകയും ചെയ്ത് പോയിന്റ് പട്ടികയിലെ രണ്ടാമന്മാരായാണ് പ്രീ ക്വാർട്ടറിലെത്തിയത്. ആദ്യ മത്സരത്തിൽ ലോസാഞ്ചലസ് എഫ്.സിയെ 2-0ത്തിന് തോൽപ്പിച്ച ചെൽസിയെ അടുത്ത മത്സരത്തിൽ ബ്രസീലിയൻ ക്ളബ് ഫ്ളെമിംഗോ 3-1ന് കീഴടക്കിയിരുന്നു. മൂന്നാം മത്സരത്തിൽ ടുണീഷ്യൻ ക്ളബ് ഇ.എസ് ടുണിസിനെ 3-0ത്തിന് തോൽപ്പിച്ചാണ് പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. പ്രീ ക്വാർട്ടറിൽ പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയെ 4-1നാണ് പരാജയപ്പെടുത്തിയത്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിയൻ ക്ളബ് പാൽമെയ്റാസിനെതിരെ 2-1ന്റെ വിജയം നേടി സെമിയിലുമെത്തി.

ഗ്രൂപ്പ് എഫിൽ ഒരു ജയവും രണ്ട് സമനിലകളും നേടി രണ്ടാം സ്ഥാനക്കാരായാണ് ഫ്ളുമിനെൻസ് നോക്കൗട്ടിലേക്ക് കടന്നത്. ആദ്യ മത്സരത്തിൽ ബൊറൂഷ്യ ഡോർട്ട്മുണ്ടിനോട് ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. അടുത്ത മത്സരത്തിൽ ഉൾസാനെ 4-2ന് തോൽപ്പിച്ചു.മൂന്നാം മത്സരത്തിൽ മമേലോഡി സൺഡൗൺസിനോട് ഗോൾരഹിത സമനില വഴങ്ങി. പ്രീ ക്വാർട്ടറിൽ ചാമ്പ്യൻസ് ലീഗ് റണ്ണർ അപ്പുകളായ ഇന്റർമിലാനെ 2-0ത്തിന് അട്ടിമറിച്ചതാണ് ടൂർണമെന്റിലെ ഗംഭീര പ്രകടനം. സെമിയിൽ സൗദി ക്ളബ് അൽഹിലാലിനെ 2-1നാണ് മറികടന്നത്.

ആദ്യമായാണ് ചെൽസിയും ഫ്ളാമിനെൻസും മുഖുമുഖം വരുന്നത്. നാളെ നടക്കുന്ന രണ്ടാം സെമിയിൽ റയൽ മാഡ്രിഡ് പാരീസ് എസ്.ജിയെ നേരിടും.