അദ്ധ്യാപകനെതിരായ നടപടി  ഹൈക്കോടതി റദ്ദാക്കി

Tuesday 08 July 2025 1:56 AM IST

മണ്ണാർക്കാട്: സ്‌കൂളുകളിൽ സൂംബ ഡാൻസ് പദ്ധതി നടപ്പാക്കുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട എടത്തനാട്ടുകര സ്‌കൂളിലെ അദ്ധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ടി.കെ.അഷ്റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്ന് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് മെമ്മോ നൽകിയതിന്റെ പിറ്റേ ദിവസം തന്നെ സസ്‌പെൻഡ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ടി.കെ.അഷ്‌റഫ് നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ഡി.കെ.സിങ്ങിന്റെ ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിനെ അപകീർത്തിപ്പെടുത്തുന്ന വിധം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് അഷ്റഫിനെതിരെ നടപടി സ്വീകരിക്കണമെന്ന് എടത്തനാട്ടുകര ടി.എ.എം യു.പി സ്‌കൂൾ മാനേജ്‌മെന്റിന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് നടപടി ഉണ്ടായത്. സസ്‌പെൻഡ് ചെയ്ത നടപടി മാനേജർ പുനഃപരിശോധിക്കണമെന്നും കാരണം കാണിക്കൽ നോട്ടീസിന് ഹർജിക്കാരൻ നൽകിയ മറുപടി കൂടി ഇക്കാര്യത്തിൽ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. സ്‌കൂളുകളിൽ ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാൻസ് പദ്ധതി നടപ്പാക്കിയത്. ഇതിനെതിരെ പരസ്യ വിമർശനവുമായി ടി.കെ.അഷ്റഫ് ആണ് ആദ്യം രംഗത്തെത്തിയത്.