* അനധികൃത സമ്പാദ്യം * ഉന്നത ന്യായാധിപനെതിരെ കേസെടുക്കാൻ കഴിയാത്തത് ദൗർഭാഗ്യകരം: ഉപരാഷ്ട്രപതി
നിയമവിദ്യാർത്ഥികളുമായി സംവദിച്ച് ജഗദീപ് ധൻകർ
കൊച്ചി: ഉന്നത ന്യായാധിപന്റെ വസതിയിൽ കോടിക്കണക്കിന് രൂപ കണ്ടെത്തിയിട്ടും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലും കഴിയാത്തത് ദൗർഭാഗ്യകരമാണെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പറഞ്ഞു.
കൊച്ചി ന്യുവാൽസിൽ (നാഷണൽ യൂണവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ്) നിയമവിദ്യാർത്ഥികളോടും അദ്ധ്യാപകരോടും സംസാരിക്കവെയാണ് ഡൽഹിയിലെ ജസ്റ്റിസ് യശ്വന്ത് വർമ്മ സംഭവം പേരെടുത്ത് പറയാതെ പരാമർശിച്ചത്.
ജൂഡിഷ്യറിക്കെതിരായ ഇത്തരം വിഷയങ്ങൾ ഭരണഘടനാപരമായാണ് കൈകാര്യം ചെയ്യുന്നത്. ക്രിമിനൽ പ്രവണതകൾ കണ്ടാൽ അതേരീതിയിൽ മുന്നോട്ടുപോകാനും ജനാധിപത്യ സംവിധാനത്തിൽ കഴിയേണ്ടതാണ്. പക്ഷേ, 90കളിലെ സുപ്രീംകോടതി വിധിയാണ് ഇതിന് തടസമാകുന്നത്. ഇക്കാര്യം പാർലമെന്റ് പരിശോധിക്കുന്നുണ്ട്.
ഷേക്‌സ്‌പിയറുടെ വിഖ്യാതമായ ജൂലിയറ്റ് സീസറിലെ ഭാഗം പരാമർശിച്ചാണ് ജഡ്ജിയുടെ വീട്ടിൽ പണം കണ്ടെത്തിയ സംഭവത്തിൽ ഉപരാഷ്ട്രപതി നിലപാട് വ്യക്തമാക്കിയത്. സീസറിന് സംഭവിച്ചതുപോലെ ഒരു മാർച്ച് 15 നമ്മുടെ നീതിന്യായ വ്യവസ്ഥയ്‌ക്കുമുണ്ടായി. അന്നായിരുന്നു ജഡ്ജിയുടെ വസതിയിൽ നിന്നു വൻതോതിൽ പണം കണ്ടെത്തിയത്. പൊതുമണ്ഡലത്തിലുള്ള കാര്യമായതിനാലാണ് ഇതേക്കുറിച്ച് പറയുന്നത്. ചീഫ് ജസ്റ്റിസും മുൻ ചീഫ് ജസ്റ്റിസും ഉത്തരവാദിത്വത്തോടെ ഇടപെട്ടു. നീതിന്യായ വ്യവസ്ഥയിൽ കോട്ടംതട്ടിയാൽ ഭീകരമായ സാഹചര്യത്തെ രാജ്യം അഭിമുഖികരിക്കേണ്ടിവരും. വിരമിക്കലിന് ശേഷം ജഡ്ജിമാർക്ക് ലഭിക്കുന്ന നിയമനങ്ങളിലും അദ്ദേഹം ആശങ്ക പങ്കുവച്ചു.
ഭരണഘടനയുടെ ആമുഖത്തിൽ മാറ്റംവരുത്തണമെന്ന ആർ.എസ്.എസ് ആവശ്യത്തെ പരോക്ഷമായി അദ്ദേഹം പിന്തുണച്ചു. ഭരണഘടനയുടെ ആമുഖം കുട്ടികളുടെ രക്ഷകർത്താക്കളെ പോലെയാണ്. എത്രശ്രമിച്ചാലും അത് മാറ്റാൻ കഴിയില്ല. ഇന്ത്യയിലല്ലാതെ വേറൊരു രാജ്യത്തും ഭരണഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തിയിട്ടില്ല. അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലത്താണ് 1976ൽ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ആമുഖം തിരുത്തിയതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഗവർണർ ആർ.വി. ആർലേക്കർ, ന്യുവാൽസ് വൈസ് ചാൻസലർ ജി.ബി. റെഡ്‌ഢി, മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു എന്നിവരും പങ്കെടുത്തു.