കണ്ണീരോർമ്മകൾക്ക് 37 വർഷം: പെരുമൺ ട്രെയിൻ ദുരന്ത വാർഷികം ഇന്ന്

Tuesday 08 July 2025 12:29 AM IST

അഞ്ചാലുംമൂട്: രാജ്യത്തെ നടുക്കിയ പെരുമൺ ട്രെയിൻ ദുരന്തത്തിന് ഇന്ന് 37 വർഷം പൂർത്തിയാകും. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അടങ്ങിയ വൻജനാവലി ഓർമ്മപ്പൂക്കളുമായി പുലർച്ചെ മുതൽ പെരുമണിലെത്തും. 1988 ജൂലായ് 8നാണ് നാടിനെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്.

ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഐലൻഡ് എക്സ്‌പ്രസിന്റെ പത്ത് കോച്ചുകൾ പെരുമൺ പാലത്തിൽനിന്ന് അഷ്ടമുടി കായലിലേക്ക് മറിയുകയായിരുന്നു. ദുരന്തത്തിൽ 105 പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തകാരണം അന്വേഷിക്കാൻ രണ്ട് കമ്മിഷനെ റെയിൽവേ നിയമിച്ചിരുന്നു. അന്നത്തെ റെയിൽവേ സുരക്ഷാ കമ്മിഷണർ സൂര്യനാരായണനും അതിനുശേഷം റിട്ട. എയർമാർഷൽ സി.എസ്.നായ്ക്കുമാണ് അന്വേഷിച്ചത്. അപകടകാരണം കായലിലുണ്ടായ ടൊർണാഡോ അഥവാ ചുഴലിക്കാറ്റെന്നായിരുന്നു റിപ്പോർട്ട്.

ദുരന്തം നടന്ന പാലത്തിന് ഇരുവശവുമുള്ള നടപ്പാത ഇപ്പോൾ തകർന്ന നിലയിലാണ്. ഇതുവഴി കാൽനടക്കാർ സഞ്ചരിക്കാതിരിക്കാൻ ഇരുമ്പുകമ്പിവച്ച് അടച്ചിട്ടുണ്ട്. ദുരന്ത സ്മാരകമായി നാട്ടുകാർ പാലത്തിന് സമീപം പെരുമണിലും പേഴുംതുരുത്തിലും ഓരോ സ്തൂപങ്ങൾ സ്ഥാപിച്ചിരുന്നു. പെരുമണിൽ പനയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്മൃതിമണ്ഡപം സ്ഥാപിച്ചെങ്കിലും പെരുമൺ -പേഴുംതുരുത്ത് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പെരുമണിലെ മണ്ഡപം പൊളിച്ചുനീക്കി.

ഡോ. കെ.വി.ഷാജിയുടെ നേതൃത്വത്തിലുള്ള പെരുമൺ ട്രെയിൻദുരന്ത അനുസ്മരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇക്കുറിയും രാവിലെ 9ന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തും. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും.

അനുസ്മരണ കമ്മിറ്റി ചെയർമാൻ ഡോ. കെ.വി.ഷാജി അദ്ധ്യക്ഷനാകും. പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജശേഖരൻ, ബിന്ദു കൃഷ്ണ, മോഹൻ പെരിനാട്, പെരുമൺ വിജയകുമാർ, പി.അമ്പിളി, അഡ്വ. പെരുമൺ എസ്.രാജു, മങ്ങാട് സുബിൻ നാരായൺ, പെരുമൺ ഷാജി, പെരിനാട് വിജയൻ എന്നിവർ സംസാരിക്കും.