ദേശീയ പണിമുടക്കിൽ ജില്ല നാളെ നിശ്ചലമാകും
കൊല്ലം: നാളെ നടക്കുന്ന ദേശീയപണിമുടക്കിൽ ജില്ല നിശ്ചലമാകുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. പണിമുടക്കിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിച്ച് വ്യവസായ സ്ഥാപനങ്ങളിലും കടകമ്പോളങ്ങളിലും ഇന്ന് സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തകർ സന്ദർശനം നടത്തും. യാത്ര ഒഴിവാക്കണമെന്ന് ട്രെയിൻ, ബസ് യാത്രക്കാരോടും സംയുക്ത ട്രേഡ് യൂണിയൻ അഭ്യർത്ഥിച്ചു. ദേശീയ പണിമുടക്കിന് മുന്നോടിയായി ഇന്ന് വൈകിട്ട് എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്തും. പണിമുടക്കിന്റെ പ്രചാരണാർത്ഥം നടത്തിയ സംസ്ഥാന ജാഥയ്ക്ക് താലൂക്ക് കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. പഞ്ചായത്ത്-മുനിസിപ്പൽ തലത്തിൽ ജില്ലയിൽ 58 പ്രചരണ ജാഥകൾ നടത്തി. പണിമുടക്ക് ദിവസം രാവിലെ 9.30ന് കൊല്ലം ചിന്നക്കടയിൽ വമ്പിച്ച തൊഴിലാളി റാലി നടത്തും. പൊതുസമ്മേളനം ചിന്നക്കടയിൽ ചേരും. സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കും. കർഷക സംഘടനകളും കർഷകത്തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളും കേന്ദ്ര-സംസ്ഥാന ജീവനക്കാരും പണിമുടക്കിൽ അണിനിരക്കുമെന്ന് സംയുക്ത സമര സമിതി നേതാക്കളായ എസ്.ജയമോഹൻ, ബി.തുളസീധരകുറുപ്പ് (സി.ഐ.ടി.യു), ജി.ബാബു, ബി.മോഹൻദാസ് (എ.ഐ.ടി.യു.സി), രവീന്ദ്രൻപിള്ള (കെ.ടി.യു.സി.എം), മാങ്കോട് ഷംസുദ്ദീൻ (കെ.ടി.യു.സി.ബി), സുരേഷ് ശർമ്മ, ശശീന്ദ്രൻ (ടി.യു.സി.ഐ) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.