വെള്ളക്കെട്ടിൽ വലഞ്ഞ് നഗരം

Tuesday 08 July 2025 12:42 AM IST

കൊല്ലം: ലഭിക്കുന്ന മഴ കുറവാണെങ്കിലും നഗരത്തിൽ വെള്ളക്കെട്ടിന് കുറവൊന്നുമില്ല. റെയിൽവേ സ്റ്റേഷന് സമീപം പോസ്റ്റ്‌ ഓഫീസിന് എതിർവശത്തും പൊലീസ് ക്യാമ്പിന് മുന്നിലുമെല്ലാം രൂപപ്പെട്ട വെള്ളക്കെട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഒഴിയുന്നില്ല. ചെറിയ മഴയിൽപ്പോലും ഈ ഭാഗങ്ങൾ വെള്ളത്തിലാവും. ഓടയിലേക്ക് വെള്ളം ഒഴുകിപ്പോകാനുള്ള സാഹചര്യം ഇല്ലാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം.

റെയിൽവേ സ്റ്റേഷനടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം മുതൽ എസ്.ബി.ഐ ബാങ്കിന് സമീപം വരെ വെള്ളക്കെട്ട് ഒഴിഞ്ഞ ദിവസങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. കൽനടയാത്രക്കാർക്കുള്ള ഭാഗം വെള്ളത്തിലായതോടെ റോഡിലൂടെയാണ് ആളുകൾ നടക്കുന്നത്. പൊതുവെ തിരക്കേറിയ റോഡിൽ കൽനടയാത്രക്കാർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്. സ്വകാര്യ ബസുകൾ യാതൊരു ശ്രദ്ധയും ഇല്ലാതെയാണ് ഇവിടെ വളവ് തിരിയുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ ദുർഗന്ധവും അസഹനീയമായി.

പൊലീസ് ക്യാമ്പിനു മുന്നിലെയും അവസ്ഥ ഇതുതന്നെയാണ്. ഇവിടെ കാത്തിരിപ്പുകേന്ദ്രത്തിന് മുന്നിലെ വെള്ളക്കെട്ടിനു മാസങ്ങളുടെ പഴക്കമുണ്ട്. സീബ്ര ലൈനിന് നേരെ മുന്നിലാണ് യാത്രക്കാരെ വലയ്ക്കുന്ന ഈ വെള്ളക്കെട്ട്. എതിർവശത്ത് നിന്ന് റോഡ് മുറിച്ചു കടക്കുന്നവർ വാഹനങ്ങളെ ഒഴിഞ്ഞു വന്നു ചാടുന്നത് ഈ വെള്ളക്കെട്ടിലേക്കാണ്. ഇവിടെത്തന്നെ റോഡിൽ വാഹനങ്ങൾക്ക് പേടിസ്വപ്നമായി വലിയൊരു കുഴിയുമുണ്ട്. ഇതിൽ വീഴാതെ വാഹനം വെട്ടിക്കുമ്പോൾ നിയന്ത്രണം തെറ്റാനും സാദ്ധ്യതയുണ്ട്. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും വെള്ളക്കെട്ടിനു ഇതുവരെ പരിഹാരമായിട്ടില്ല. നാഷണൽ ഹൈവേയുടെ ഭാഗമായ റോഡിന്റെ ചുമതല പി.

ഡബ്ല്യു.ഡി നിരത്ത് വിഭാഗത്തിനാണ്.

പോലീസ് ക്യാമ്പിന് മുന്നിലുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ കോർപ്പറേഷന് അനുമതി നൽകിയിട്ടുണ്ട്. റോഡ് എൻഎച്ച് വിഭാഗത്തിന്റെ കീഴിലുള്ളതാണെങ്കിലും ഈ ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള അനുമതി കോർപ്പറേഷന് കൊടുത്തിട്ടുണ്ട്. റയിൽവേ സ്റ്റേഷന് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നിലവിൽ നടപടിയൊന്നും ആയിട്ടില്ല

അസിസ്റ്റന്റ് എൻജിനീയർ, നാഷണൽ ഹൈവേ, കൊല്ലം