ഡിജിറ്റൽ യൂണിയിൽ കോടികളുടെ ക്രമക്കേട്: സി.എ.ജി അന്വേഷിക്കാൻ ഗവർണറുടെ ശുപാർശ
തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാലയിൽ കേന്ദ്ര ഫണ്ടുപയോഗിച്ചുള്ള ഗവേഷഷണ പദ്ധതികളിൽ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) ഓഡിറ്റിന് ഗവർണർ ശുപാർശ ചെയ്തു.
സെമികണ്ടക്ടർ ചിപ്പുകൾ വികസിപ്പിക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെ 94.85 കോടിയുടെ ഒറ്റ പ്രോജക്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിനിയോഗ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച നാലു കോടി രൂപയുടെ ബില്ലുകൾ ബിരിയാണിയും കേക്കും കോഫിയും വാങ്ങിയതിന്റെയും രാജ്യത്തെ വിവിധ നഗരങ്ങളിലും സിംഗപ്പൂർ, അമേരിക്ക എന്നിവിടങ്ങളിലും വിമാനയാത്ര നടത്തിയതിന്റെയുമാണ്. തട്ടിപ്പാണെന്ന് ഫിനാൻസ് വിഭാഗം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വി.സി ഡോ.സിസാതോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി.
ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ എന്നിവയിൽ ആയിരം കോടിയിലേറെ രൂപയുടെ പ്രോജക്ടുകളുണ്ട്. ഇവയിലെല്ലാം കേന്ദ്ര ഫണ്ടുമുണ്ട്. സ്വകാര്യ സ്റ്റാർട്ടപ്പിനാണ് 94.85 കോടിയുടെ പ്രോജക്ട് ഡിജിറ്റൽ യൂണിവേഴ്സിറ്റി വഴി അനുവദിച്ചത്. കേന്ദ്രഫണ്ട് അനുവദിച്ച ശേഷമാണ് സ്റ്റാർട്ടപ്പ് രജിസ്റ്റർ ചെയ്തതെന്ന് വി.സിയുടെ അന്വേഷണത്തിൽ കണ്ടെത്തി.
തിരുവനന്തപുരം അംബുജവിലാസം റോഡിലെ വിലാസത്തിൽ അങ്ങനെയൊരു കമ്പനിയില്ലെന്ന് രേഖാമൂലം യൂണിവേഴ്സിറ്റിക്ക് വിവരം ലഭിച്ചു. ഇതിനു പിന്നാലെ കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ഈ വിലാസം അപ്രത്യക്ഷമായി. ക്രമക്കേടുകളുണ്ടെന്നും സി.എ.ജി ഓഡിറ്റ് വേണമെന്നും വി.സി നാലു വട്ടം സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും സി.എ.ജിക്ക് അത് കൈമാറിയില്ല. ഇതേത്തുടർന്നാണ് ഗവർണർക്ക് റിപ്പോർട്ടയച്ചത്.
2 ദിവസം കൊണ്ട് കോടികളുടെ ബിൽ
ബില്ലില്ലാതെ ധനവിനിയോഗ സർട്ടിഫിക്കറ്റ് നേടിയെടുക്കാനായിരുന്നു കമ്പനിയുടെ ശ്രമം. ഇതിന് വി.സി വഴങ്ങാതിരുന്നപ്പോൾ 2 ദിവസം കൊണ്ട് 4 കോടിയുടെ ബില്ലുണ്ടാക്കി സമർപ്പിച്ചു. വ്യാജമാണെന്ന് സംശയിക്കുന്നതായി ഫിനാൻസ് വിഭാഗം വി.സിയെ അറിയിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് കേന്ദ്രംനൽകുന്ന ഫണ്ടിലും വെട്ടിപ്പ് നടന്നതായി സംശയമുണ്ട്.