ആറൻമുളയിൽ ഐ.ടി പാർക്കിന് വീണ്ടും നീക്കം

Tuesday 08 July 2025 2:16 AM IST

പത്തനംതിട്ട : സംസ്ഥാന സർക്കാർ ഉപേക്ഷിച്ച ആറൻമുള വിമാനത്താവള പദ്ധതി പ്രദേശത്ത് ഐ.ടി പാർക്ക് സ്ഥാപിക്കാൻ വീണ്ടും നീക്കം. വിമാനത്താവള കമ്പനിയായ കെ.ജി.എസ് ഗ്രൂപ്പ് ടി.ഒ.എഫ്.എൽ എന്ന പേരിൽ പുതിയ കമ്പനി രൂപീകരിച്ച് ഐ.ടി പാർക്ക് സ്ഥാപിക്കാൻ നൽകിയ അപേക്ഷയിൽ, പദ്ധതി പ്രദേശത്തിന്റെ സമ്പൂർണ വിവരങ്ങൾ ആവശ്യപ്പെട്ട് ഐ.ടി സെക്രട്ടറി പത്തനംതിട്ട ജില്ലാ കളക്ടർക്ക് കത്തു നൽകി. ലഭ്യമായ ഭൂമി, പുരയിടം എത്ര, ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമി, 2008ന് മുൻപുള്ള സ്ഥിതി, നെൽപ്പാടം, കരഭൂമി, തണ്ണീർത്തടം തുടങ്ങിയ വിവരങ്ങളാണ് കളക്ടറോട് ചോദിച്ചിരിക്കുന്നത്.

പദ്ധതിക്കെതിരെ സി.പി.ഐയും മന്ത്രി പി. പ്രസാദും രംഗത്തു വന്നതിനെ തുടർന്ന് ഉപേക്ഷിച്ചതായി സർക്കാർ കേന്ദ്രങ്ങൾ അറിയിച്ചിരുന്നെങ്കിലും ഐ.ടി സെക്രട്ടറിയുടെ കത്ത് പുതിയ നീക്കമാണ്.വിമാനത്താവളത്തിനായി കെ.ജി.എസ് ഗ്രൂപ്പ് വാങ്ങിയ 344 ഏക്കർ ഭൂമിയിൽ ഇലക്ട്രോണിക്സ് ക്ളസ്റ്റർ പദ്ധതിയാണ് ലക്ഷ്യം. തണ്ണീർത്തടവും നിലവും നികത്തി വിമാനത്താവളം നിർമ്മിക്കുന്നതിനെതിരെ വൻ പ്രതിഷേധമുയർന്നതിനെ തുടർന്ന് വിമാനത്താവളത്തിനുള്ള എല്ലാ അനുമതികളും 2016ൽ സംസ്ഥാന സർക്കാർ റദ്ദാക്കിയിരുന്നു. 2018ലെ പ്രളയത്തിൽ പമ്പാ നദി കരകവിഞ്ഞൊഴുകിയപ്പോൾ പ്രധാന ജലസംഭരണിയായത് പദ്ധതി പ്രദേശമായിരുന്നു.

'ഐ.ടി സെക്രട്ടറിയുടെ കത്ത് കിട്ടി. വിശദമായ റിപ്പോർട്ട് നൽകാൻ തഹസിൽദാരോടും കൃഷി ഓഫീസർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.'

-എസ്. പ്രേംകൃഷ്ണൻ,

പത്തനംതിട്ട കളക്ടർ.

'ഐ. ടി. സെക്രട്ടറി നടത്തിയത് കേവലം വിവര ശേഖരണം മാത്രമായിരിക്കും. ഒരു പദ്ധതിയും ഒരു വകുപ്പിന് ഒറ്റയ്ക്ക് തീരുമാനിച്ച് നടപ്പാക്കാനാവില്ല. നെൽവയലും തണ്ണീർത്തടങ്ങളുമുള്ള ആറൻമുളയെപ്പറ്റി എല്ലാവർക്കും അറിയാം. നിയമവും ചട്ടവും ലംഘിച്ച് ആർക്കും മുന്നോട്ടുപോകാനാവില്ല.'

-മന്ത്രി പി.പ്രസാദ്