ഗൂഗിൾ കണ്ണടയുമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രദർശനം: ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഗൂഗിളിന്റെ സ്മാർട്ട് ഗ്ലാസ് കണ്ണടയുമായി ദർശനം നടത്തിയ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. അഹമ്മദാബാദ് സ്വദേശിയായ സുരേന്ദ്ര ഷായാണ് (66) ഫോർട്ട് പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരേ കേസെടുത്ത ശേഷം സ്റ്രേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
നാല് സ്ത്രീകളും സുരേന്ദ്ര ഷായുമാണ് ഞായറാഴ്ച വൈകിട്ട് ദർശനം നടത്തിയത്. പ്രവേശന കവാടത്തിലെ സുരക്ഷാ പരിശോധനകളിലൊന്നും ഇയാൾ ധരിച്ചിരുന്ന സ്മാർട്ട് ഗ്ലാസിലെ ക്യാമറ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ശ്രീകോവിലിന് സമീപമെത്തിയപ്പോഴാണ് കണ്ണടയിൽ നിന്ന് ലൈറ്റ് മിന്നുന്നത് സുരക്ഷാജീവനക്കാർ കണ്ടത്. ഉടൻതന്നെ ഫോർട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഗൂഗിളിന്റെ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് ഇയാൾ ക്ഷേത്രത്തിലെ ചില ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഡിലീറ്റ് ചെയ്തു. ഗ്ലാസ്,ഫോണുമായി കണക്ട് ചെയ്തിരുന്നെങ്കിലും ദൃശ്യങ്ങളോ വീഡിയോയോ മറ്റിടങ്ങളിലേക്ക് കൈമാറിയതായി കണ്ടെത്തിയില്ല. കൂടുതൽ പരിശോധനയ്ക്കായി ഗ്ലാസും ഫോണും പിടിച്ചെടുത്തു. താൻ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണടയാണെന്നും ക്ഷേത്രത്തിൽ ഉപയോഗിക്കരുതെന്ന് അറിയില്ലായിരുന്നെന്നും സുരേന്ദ്ര ഷാ പൊലീസിനോട് പറഞ്ഞു.