'വാപുര സ്വാമി' ക്ഷേത്രം: ഹർജി തീർപ്പാക്കി

Tuesday 08 July 2025 2:21 AM IST

കൊച്ചി: എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനുമതി വാങ്ങാതെ 'വാപുര സ്വാമി" ക്ഷേത്രം നിർമ്മിക്കുന്നെന്ന ഹർജിയിൽ, പൂജാസാമഗ്രികൾ സൂക്ഷിക്കാൻ നിർമ്മിച്ച ചെറിയ കെട്ടിടം നീക്കിയെന്ന് സ്ഥലം ഉടമ ഹൈക്കോടതിയിൽ അറിയിച്ചു. ബന്ധപ്പെട്ട നിയമ വ്യവസ്ഥകൾ പാലിക്കാതെ കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശി പി. ജോഷി അറിയിച്ചു. സ്റ്റോപ്പ് മെമ്മോ നൽകിയെന്ന് എരുമേലി ഗ്രാമപഞ്ചായത്തും വ്യക്തമാക്കി. ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി തീർപ്പാക്കി. എരുമേലി തെക്ക് വില്ലേജിൽ,ജോഷിയുടെ ഉടമസ്ഥതയിലുള്ള 49 സെന്റിൽ അനധികൃതമായി ക്ഷേത്ര നിർമ്മാണം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പ ഭക്തനും എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രം വിശ്വാസിയുമായ നോർത്ത് പറവൂർ സ്വദേശി കെ.കെ. പത്മനാഭനാണ് കോടതിയെ സമീപിച്ചത്.