ഗുരുവായൂരപ്പന് കദളിപ്പഴം കാണിക്കവച്ച് ഉപരാഷ്ട്രപതി

Tuesday 08 July 2025 2:28 AM IST

ഗുരുവായൂർ: ഉപരാഷ്ട്രപതി ജഗദീപ് ധൻകറും പത്‌നി ഡോ. സുദേഷ് ധൻകറും ഇന്നലെ ഉച്ചയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. പന്ത്രണ്ടേമുക്കാലോടെ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് വ്യോമസേനാ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ഇരുവരും റോഡ് മാർഗം ഒരു മണിയോടെ തെക്കെനടയിലെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തി. ഒന്നരയ്ക്ക് ദർശനം നടത്തി. കദളിപ്പഴവും നെയ്യും കാണിക്കവച്ചു.

രാവിലെ ഒമ്പതിന് ദർശനത്തിനെത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും കനത്ത മഴ കാരണമാണ് സമയം പുനക്രമീകരിച്ചത്. എൻ.കെ. അക്ബർ എം.എൽ.എ, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്നാണ് ഉപരാഷ്ട്രപതിയെ സ്വീകരിച്ചത്. ക്ഷേത്ര തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് പൂർണകുംഭം നൽകി. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ഒപ്പമുണ്ടായിരുന്നു. ദേവസ്വം ചെയർമാൻ ചുമർചിത്രം സമ്മാനിച്ചു.