അസി. കമ്മിഷണർ 2.51 കോടി തട്ടിയ കേസ്: അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന്

Tuesday 08 July 2025 2:36 AM IST

കൊല്ലം: കോടതിയെ സ്വാധീനിച്ച് ജപ്തി തുക കുറയ്ക്കാമെന്നുപറഞ്ഞ് ജുവലറി ഉടമയിൽ നിന്ന് കോഴിക്കോട് ട്രാഫിക് എ.സി.പിയായിരുന്ന കെ.എ.സുരേഷ് ബാബു 2.51 കോടി തട്ടിയെന്ന കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഡിവൈ.എസ്.പി അബ്ദുൾ വഹാബാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജുവലറി ഷോറൂമുകളുള്ള കൊല്ലം രണ്ടാംകുറ്റി സ്വദേശി അബ്ദുൾ സലാമാണ് പരാതിക്കാരൻ. അബ്ദുൾസലാം പൊതുമേഖലാ ബാങ്കിൽ നിന്നെടുത്ത ഓവർ ഡ്രാഫ്ട് വായ്പ 52 കോടി കുടിശ്ശികയായതോടെ 2023ൽ ഈട് വസ്തുക്കൾ ജപ്തി ചെയ്യാൻ ബാങ്ക് ട്രൈബ്യൂണലിനെ സമീപിച്ചു. അബ്ദുൾ സലാമിന്റെ ബന്ധുക്കളുടെ വസ്തുവും ഈടിൽ ഉൾപ്പെട്ടിരുന്നു. ജപ്തി തുക 25 കോടിയായി കുറച്ചുനൽകാമെന്നു പറഞ്ഞാണ് ബാങ്കിൽ അടയ്ക്കാനെന്ന പേരിൽ പണം വാങ്ങിയത്. തൃശൂർ പേരിൽചേരി കൊച്ചുള്ളി ഹൗസിൽ കെ.എ.സുരേഷ് ബാബുവിന് പുറമേ ഭാര്യ വി.പി.നസ്രത്ത്, കൊല്ലത്തെ പ്രമുഖ ഡോക്ടറായ ഡോ. ബാലചന്ദ്രക്കുറുപ്പ് എന്നിവരും കേസിലെ പ്രതികളാണ്.

ജപ്തി തീർപ്പാക്കാനുള്ള നടപടികൾ ഉണ്ടാകാത്തതിന് പുറമേ പണവും മടക്കി നൽകാത്തതോടെയാണ് അബ്ദുൾസലാം പരാതി നൽകിയത്. കൊല്ലം ഈസ്റ്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കഴിഞ്ഞമാസം എ.സി.പി അബ്ദുൾ സലാമിനെ കോഴിക്കോട്ടേക്ക് വിളിപ്പിച്ച് മൂന്നുതവണ ഒത്തുതീർപ്പ് ചർച്ച നടത്തി. മേയ് അവസാനത്തിനകം 50 ലക്ഷം രൂപ തിരികെ നൽകാമെന്ന വാക്കും പാലിച്ചില്ല. കേസിൽ മുൻകൂർ ജാമ്യം തേടി സുരേഷ്ബാബു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.