കപട ചികിത്സകരുടെ ചൂഷണം: വിദ്യാസമ്പന്നരും ഇരയെന്ന് വനിതാ കമ്മീഷൻ

Tuesday 08 July 2025 2:55 AM IST

തിരുവനന്തപുരം: അന്ധവിശ്വാസത്തെ മറയാക്കിയുള്ള കപടചികിത്സാ സ്ഥാപനങ്ങളുടെ ചൂഷണത്തിന് വിധേയരാകുന്നവരിൽ വിദ്യാസമ്പന്നരും ഉൾപ്പെടുന്നതായി വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി. ജില്ലാതല അദാലത്തിന്റെ ആദ്യ ദിവസത്തെ ഹിയറിംഗിനുശേഷം സംസാരിക്കുകയായിരുന്നു അവർ.
ശാസ്ത്രീയ ചികിത്സ ലഭ്യമായ, ഗുരുതരരോഗങ്ങൾക്കു പോലും ആശുപത്രിയിൽ പോകാതെ കപട ചികിത്സകരുടെ മുന്നിലേക്കാണ് പോകുന്നത്. വിശ്വാസത്തെ ചൂഷണം ചെയ്യുന്ന അപകടകരമായ ഇത്തരം ചികിത്സകൾക്കെതിരെ സമൂഹം കൂടുതൽ ഉണർവോടെ പ്രവർത്തിക്കണമെന്നും ചെയർപേഴ്സൺ ഓർമ്മിപ്പിച്ചു.

വിവാഹേതരബന്ധങ്ങൾ

കുട്ടികളെ ബാധിക്കുന്നു
രക്ഷിതാക്കളുടെ വിവാഹേതരബന്ധങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പി.സതീദേവി വ്യക്തമാക്കി. ചില കേസുകളിൽ കുട്ടികളെ കൗൺസിലിംഗിന് അയയ്ക്കേണ്ടിവരുന്നു. പ്രശ്നങ്ങൾ കുട്ടികളുടെ പഠനത്തേയും ആരോഗ്യത്തേയും സ്വഭാവത്തേയും പ്രതികൂലമായി ബാധിക്കുന്നു
പ്രായമായ അമ്മമാരിൽനിന്നും സ്വത്തും പെൻഷൻ തുകയും കൈക്കലാക്കുകയും അവരെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്ന മക്കളെക്കുറിച്ചുള്ള നിരവധി പരാതികളാണ് അദാലത്തിന്റെ പരിഗണനയ്ക്കെത്തിയത്. നോട്ടീസ് അയച്ചാൽ പോലും ഹാജരാവാത്തവരിൽ പെൺമക്കളുമുണ്ട്. ഇക്കാര്യം കമ്മിഷൻ ഗൗരവമായി കാണുന്നതായി ചെയർപേഴ്സൺ പറഞ്ഞു. തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന അദാലത്തിൽ 150 കേസുകളാണ് പരിഗണിച്ചത്. 15 എണ്ണത്തിന് പരിഹാരം കണ്ടു. ഏഴെണ്ണത്തിൽ റിപ്പോർട്ട് തേടി. മൂന്നെണ്ണം കൗൺസിലിംഗിന് അയച്ചു. ചെയർപേഴ്സൺ, അംഗങ്ങളായ എലിസബത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി, പി. കുഞ്ഞായിഷ എന്നിവർ അദാലത്തിന് നേതൃത്വം നൽകി. സി.ഐ. ജോസ് കുര്യൻ, അഭിഭാഷകരായ അദീന, സരിത, സൂര്യ, രജിതറാണി, കൗൺസിലർ സോണിയ എന്നിവരും പരാതികൾ പരിഗണിച്ചു.