നരഭോജിക്കടുവയെ സുവോളജിക്കൽ പാർക്കിലെത്തിച്ചു

Tuesday 08 July 2025 2:56 AM IST

തൃശുർ: മലപ്പുറത്ത് നിന്നും പിടികൂടിയ നരഭോജിക്കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിലെ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റി. ഇനി 21 ദിവസം കടുവ ക്വാറന്റൈനിലാകും. സന്ദർശകർക്ക് കാണാനാകില്ല. കഴിഞ്ഞ ദിവസമാണ് കാളികാവ് സുൽത്താന എസ്‌റ്റേറ്റിലെ കെണിയിൽ കടുവ കുടുങ്ങിയത്. കൂട്ടിൽ കുടുങ്ങിയ കടുവയെ വാഹനത്തിലേക്ക് കയറ്റാൻ നാട്ടുകാർ സമ്മതിച്ചിരുന്നില്ല. കാട്ടിലേക്ക് തുറന്നു വിടില്ലെന്ന് അധികൃതർ ഉറപ്പു നൽകിയതോടെയാണ് കടുവയെ വനംവകുപ്പിന്റെ വാഹനത്തിലേക്ക് കയറ്റാൻ സമ്മതിച്ചത്.
മേയ് 15നാണ് കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ പാലത്തിങ്ങലിലെ കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ കൊന്നുതിന്നത്. ഇതോടെ കടുവയ്ക്കായി പ്രദേശത്ത് 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർ.ആർ.ടി സംഘങ്ങളായി തെരച്ചിൽ തുടരുകയും കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുകയും ചെയ്യുകയായിരുന്നു.