തെരുവുനായ ശല്യം: രൂപരേഖ തയ്യാറാക്കണം

Tuesday 08 July 2025 2:58 AM IST

തിരുവനന്തപുരം: പേ വിഷബാധയെ തുടർന്നുള്ള മരണം തടയാൻ രൂപരേഖ തയ്യാറാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടയിൽ 1.65 ലക്ഷം പേർക്ക് തെരുവു നായയുടെ കടിയേൽക്കുകയും 17 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. സംസ്ഥാന സർക്കാർ കർമ്മസേനക്ക് രൂപം നൽകണമെന്ന വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ജേക്കബ് ജോണിന്റെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിലാണിത്. തെരുവുനായ്ക്കളുടെ കടിയേറ്റവർക്ക് നഷ്ടപരിഹാരം വിധിക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ സേവനം തുടരുന്നുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ അഡിഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് ഒരു മാസത്തിനകം വിശദീകരണം നൽകണം. കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.