കോന്നി പാറമട അപകടം; അടിയന്തര റിപ്പോർട്ട് തേടി ജില്ലാ കളക്‌ടർ, കാണാതായ തൊഴിലാളിക്കായി തെരച്ചിൽ തുടങ്ങി

Tuesday 08 July 2025 7:02 AM IST

പത്തനംതിട്ട: കോന്നി പാറമടയിലെ അപകടത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചിൽ ആരംഭിച്ചു. പയ്യനാമൺ ചെങ്കളം ഗ്രാനൈറ്റിൽ പാറപൊട്ടിച്ച ശേഷം കല്ലുകൾ ഇളക്കിമാറ്റുന്നതിനിടെ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും വീഴുകയായിരുന്നു. കല്ലുകൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാൾ മരിച്ചു. ഒഡീഷ സ്വദേശി മഹാദേവ് (51) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബീഹാർ സ്വദേശി അജയ് റോയിയെ (38) ആണ് കണ്ടെത്താനുള്ളത്. അപകടത്തിൽ ജില്ലാ കളക്‌ടർ റിപ്പോർട്ട് തേടി. ക്വാറിയുടെ അനുമതിയടക്കം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാനാണ് ജിയോളജി വകുപ്പിന് കളക്‌ടർ നിർദേശം നൽകിയിരിക്കുന്നത്. റിപ്പോർട്ടിനുശേഷം തുടർനടപടിയുണ്ടാകുമെന്ന് കളക്‌ടർ വ്യക്തമാക്കി.

പയ്യനാമൺ അടുകാട് കാർമലശേരി ഭാഗത്തുള്ള പാറമടയിൽ ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അപകടമുണ്ടായത്. പാറക്കെട്ടുകളുടെ മദ്ധ്യഭാഗത്ത് ഹിറ്റാച്ചിയിലായിരുന്നു ഓപ്പറേറ്ററായ മഹാദേവും സഹായി അജയ് റോയിയും ഉണ്ടായിരുന്നത്. കല്ലുകൾ ഇളക്കിമാറ്റുന്നതിനിടെ 40 അടി മുകളിൽ നിന്ന് ഹിറ്റാച്ചിയുടെ മുകളിലേക്ക് വലിയ കല്ലുകളും മണ്ണും ഇളകിവീഴുകയായിരുന്നു. ഇരുവരും ഇതിനിടിയിൽപ്പെട്ടു.

പൊലീസിനും ഫയർഫോഴ്സിനും പാറയിടിഞ്ഞ സ്ഥലത്തേയ്ക്ക് എത്താൻ രണ്ടര മണിക്കൂർ വേണ്ടിവന്നു. ക്രെയിനുമായി നടത്തിയ തെരച്ചിലിൽ വൈകിട്ട് 6.30നാണ് മഹാദേവിന്റെ മൃതദേഹം കിട്ടിയത്. ദുരന്തനിവാരണ സേന എത്തിയെങ്കിലും വീണ്ടും പാറകൾ ഇടിഞ്ഞുവീണതോടെ രാത്രിയിൽ തെരച്ചിൽ തുടരാനായില്ല. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വിനോദ് കുമാർ, ഡെപ്യൂട്ടി കളക്ടർ രാജലക്ഷ്മി ,കോന്നി തഹസിൽദാർ സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിജോ മോഡി, വി. ടി .അജോമോൻ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഒരു വർഷം മുമ്പും ഇവിടെ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.