മഞ്ഞുമ്മൽ  ബോയ്സ്  സാമ്പത്തിക  തട്ടിപ്പ് കേസ്; സൗബിൻ  ഷാഹിർ  അറസ്റ്റിൽ

Tuesday 08 July 2025 4:35 PM IST

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ. സിനിമയുടെ സഹനിർമാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം ദിനത്തിലെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും ജാമ്യത്തിൽ വിട്ടയച്ചു. ഹെെക്കോടതി നേരത്തെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

സൗബിൻ ഉൾപ്പടെയുള്ളവർ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകാൻ താൻ തയ്യാറാണെന്നും അതിനായി താൻ പണം മാറ്റിവച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് നിർമാതാക്കൾക്കുമെതിരെ കേസെടുത്തത്.

നിർമാണത്തിനായി സിറാജ് ഏഴുകോടി നൽകി. 50 ലക്ഷം മാത്രമാണ് തിരികെ നൽകിയത്. തിയേറ്റർ, ഒടിടി, സാറ്റലെെറ്റ് തുടങ്ങിയവ വഴി ലഭിക്കുന്ന വരുമാനത്തിന്റെ 40 ശതമാനം നൽകാമെന്നായിരുന്നു കരാർ ഇത് പാലിച്ചില്ല. ഇതുമൂലം സിറാജിന് 47 കോടിയുടെ നഷ്ടമുണ്ടായെന്നും പൊലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ആഗോള തലത്തിൽ 235 കോടിയിലധികം രൂപ കളക്‌ട് ചെയ്‌ത ഇൻഡസ്‌ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്‌സ്. ഡിസ്‌നി ഹോട്ട്‌സ്റ്റാറാണ് സിനിമയുടെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.