വി മുരളീധരനൊപ്പം ചാരക്കേസ് പ്രതി ജ്യോതി മൽഹോത്ര; കേരളത്തിലെ വന്ദേഭാരത് ഉദ്‌ഘാടന യാത്രയുടെ വീഡിയോ പുറത്ത്
തിരുവനന്തപുരം: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്‌ഘാടനത്തിനും കേരളത്തിലെത്തി. വന്ദേഭാരത് ഉദ്‌ഘാടന യാത്രയിൽ ജ്യോതി പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2023ൽ വന്ദേഭാരതിന്റെ ഉദ്‌ഘാടന യാത്രയിൽ ഇവർ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്‌തുവെന്നാണ് വിവരം. ഉദ്‌ഘാടന യാത്രയിൽ അന്നത്തെ കേന്ദ്രമന്ത്രി വി മുരളീധരനും ഉണ്ടായിരുന്നു. വി മുരളീധരനോട് ജ്യോതി പ്രതികരണം തേടുന്നതും ദൃശ്യങ്ങളിലുണ്ട്.
നേരത്തേ ജ്യോതി കേരളത്തിലെത്തിയത് സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരമാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ടൂറിസം വകുപ്പിന്റെ പ്രമോഷന്റെ ഭാഗമായാണ് ജ്യോതി കേരളത്തിലെത്തിയതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയും പുറത്തുവന്നിരുന്നു. ടൂറിസം വകുപ്പ് സാമൂഹിക മാദ്ധ്യമ ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ച് പ്രമോഷൻ നടത്തിയവരുടെ പട്ടികയിൽ ജ്യോതി മൽഹോത്രയും ഉണ്ടായിരുന്നു. കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങളിലാണ് ജ്യോതി മൽഹോത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ യാത്ര ചെയ്‌തതെന്നാണ് വ്യക്തമാകുന്നത്.