പണിമുടക്ക് സമരം കോടതി തടഞ്ഞു

Tuesday 08 July 2025 5:08 PM IST

കൊച്ചി: അമ്പലമുകളിലെ കൊച്ചിൻ റിഫൈനറീസ് വർക്കേഴ്സ് അസോസിയേഷൻ ഇന്ന് നടത്താനിരുന്ന പണിമുടക്ക് സമരം ഹൈക്കോടതി തടഞ്ഞു. ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ഇടക്കാല നിർദ്ദേശം. കമ്പനിയും തൊഴിലാളികളുമായി 17ന് ഒത്തുതീർപ്പ് ചർച്ച നടക്കാനിരിക്കേ രണ്ടാഴ്ചത്തേക്കാണ് സമരം തടഞ്ഞിരിക്കുന്നത്. ഇന്ന് രാവിലെ 7 മുതൽ നാളെ രാവിലെ 7വരെ 24 മണിക്കൂർ പണിമുക്കാണ് യൂണിയൻ പ്രഖ്യാപിച്ചിരുന്നത്. കേന്ദ്ര നിയമപ്രകാരം പെട്രോളിയം ഉത്പന്നങ്ങൾ അവശ്യ സർവീസായി പ്രഖ്യാപിച്ചതിനാൽ സമരത്തിൽ നിന്ന് വിട്ടുനിൽക്കാൻ സംഘടനയോട് നിർദ്ദേശിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഇതിൽ വസ്തുതയുണ്ടെന്ന് വിലയിരുത്തിയാണ് സമരം കോടതി തടഞ്ഞത്.