ഡ്യൂട്ടിക്ക് എത്തിയില്ലെങ്കിൽ ശമ്പളം പോകും; പണിമുടക്കിനെ നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ച് കെഎസ്‌ആർടിസി

Tuesday 08 July 2025 5:14 PM IST

തിരുവനന്തപുരം: വിവിധ ട്രേഡ് യൂണിയനുകൾ നടത്താനിരിക്കുന്ന നാളത്തെ ദേശീയ പണിമുടക്കിനെ നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ച് കെഎസ്‌ആർടിസി. നാളെ ഡ്യൂട്ടിക്ക് എത്താത്തവരുടെ ശമ്പളം റദ്ദാക്കും. ക്രമസമാധാന പ്രശ്‌നമുണ്ടായാൽ പൊലീസിനെ അറിയിക്കാനും കെഎസ്‌ആർടിസി സിഎംഡിയുടെ ഉത്തരവിൽ പറയുന്നു. നാളെ നടക്കുന്ന പണിമുടക്ക് കെഎസ്‌ആർടിസിയെ ബാധിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ട്രേഡ് യൂണിയനും നോട്ടീസ് നൽകിയിട്ടില്ലെന്നും നേരത്തേ ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ വ്യക്തമാക്കിയിരുന്നു.

പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉൾപ്പെട്ട സംയുക്ത വേദിയാണ് നാളെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. 25 കോടിയിലധികം പേർ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് തൊഴിലാളി സംഘടനകൾ പറയുന്നത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ തൊഴിൽ ചട്ടങ്ങൾ പിൻവലിക്കുക, തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.