ആർ. രാജേഷിനെതിരെ കോടതി അലക്ഷ്യക്കേസ്; 23ന് ഹാജരാകണം
കൊച്ചി: കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗവും മുൻ എം.എൽ.എയുമായ ആർ. രാജേഷിനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതി അലക്ഷ്യ കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹൈക്കോടതിയെയും ജഡ്ജിമാരെയും അപകീർത്തിപ്പെടുത്തിയെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ജസ്റ്റിസ് ഡി.കെ. സിംഗിന്റെ ഉത്തരവ്. രാജേഷ് 23ന് രാവിലെ 10.15ന് കോടതിയിൽ ഹാജരായി വിചാരണ നേരിടണം. കേസ് ചീഫ് ജസ്റ്റിസിന്റെ ഉത്തരവ് പ്രകാരം ഉചിതമായ ബെഞ്ചിന് വിടാനും രജിസ്ട്രിക്ക് കോടതി നിർദ്ദേശം നൽകി.
ജൂലായ് ആറിലെ രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കോടതി ഉത്തരവുകളെ വിമർശിക്കുക മാത്രമല്ല, വിദ്യാഭ്യാസ ബെഞ്ചിലെ ജഡ്ജിമാരെ അപമാനിക്കുന്ന പരാമർശങ്ങളും നടത്തിയെന്ന് ഉത്തരവിൽ പറയുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മോശം ഭാഷയിൽ ഉന്നയിച്ചു. രാജേഷും ഭാഗമായ സർവകലാശാലയുടെയും സിൻഡിക്കേറ്റിന്റെയും വിവിധ ഹർജികൾ പരിഗണനയിലിരിക്കെയാണ് കോടതിയെ സമ്മർദ്ദത്തിലാക്കാൻ നോക്കിയത്. ഇത് ലാഘവത്തോടെ കാണാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.