ഡോൾഫിൻ ചത്തതിന് കാരണം കപ്പലിലെ കെമിക്കലെന്ന് സംശയം
Wednesday 09 July 2025 1:27 AM IST
കൊച്ചി: ആലപ്പുഴ, തൃശൂർ തീരദേശങ്ങളിൽ തിമിംഗിലവും ഡോൾഫിനുകളും ചത്തടിഞ്ഞത് മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിൽനിന്ന് ചോർന്ന രാസവസ്‌തുക്കൾ മൂലമാണെന്ന് സംശയം. പരിസ്ഥിതി വകുപ്പ് ഇക്കാര്യം അന്വേഷിക്കും. ആലപ്പുഴ, തൃശൂരിലെ മുനയ്‌ക്കൽ ബീച്ച് എന്നിവിടങ്ങളിലാണ് അഞ്ചു തിമിംഗിലവും ഒരു ഡോൾഫിനും കപ്പൽ മുങ്ങിയ മേയ് 25നുശേഷം ചത്തടിഞ്ഞത്. രാസമാലിന്യങ്ങൾ മൂലമാണോ ചത്തതെന്ന് പഠിക്കണമെന്ന് ചാലക്കുടി ഡി.എഫ്.ഒ പരിസ്ഥിതി വകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. തൃശൂരിലെ കാർഷിക സർവകലാശാലയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വിഷാംശമാണ് ചാകാൻ കാരണമെന്ന് കണ്ടെത്തിയെന്നാണ് സൂചന.
അതേസമയം, മത്സ്യങ്ങൾ ചാകുന്ന വിധത്തിൽ രാസമാലിന്യങ്ങൾ കടലിൽ കലർന്നിട്ടില്ലെന്നാണ് കൊച്ചിയിലെ കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനം കണ്ടെത്തിയത്.