അഡ്വ.സന്തോഷ് കുമാർ ദേവസ്വം ബോർഡ് മെമ്പറായേക്കും

Wednesday 09 July 2025 12:40 AM IST

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒഴിവുള്ള ദേവസ്വം അംഗത്തിന്റെ നിയമനം ഈ മാസം ഉണ്ടാകുമെന്ന് സൂചന. കൂടാതെ കാലാവധി തീരാൻ മാസങ്ങൾ മാത്രമുള്ള ബോർഡിന്റെ കാലാവധിയും നീട്ടിയേക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്നതിന് മുൻപ് നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാണ് സർക്കാർ നീക്കം. കാലാവധി പൂർത്തിയായ ബോർഡ് അംഗം ജി.സുന്ദരേശന്റെ ഒഴിവിലേക്ക് മാസങ്ങൾ കഴിഞ്ഞിട്ടും പകരം നിയമനം നടത്തിയിരുന്നില്ല. ചെങ്ങന്നൂർ സ്വദേശി അഡ്വ.സന്തോഷ് കുമാറിനെ നിയമിക്കാനാണ് സർക്കാർ ആലോചന. സി.പി.എം ഏരിയാകമ്മിറ്റി അംഗം, പേരിശ്ശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സന്തോഷ് കുമാർ മന്ത്രി സജി ചെറിയാനുമായി ഏറെ അടുപ്പമുള്ളയാളാണ്. പുലിയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. രണ്ടുവർഷമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കാലാവധി. അടുത്ത തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് നിലവിലുള്ള പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെയും അംഗം അഡ്വ.എ.അജികുമാറിന്റെയും കാലാവധി അവസാനിക്കും. മലബാർ ദേവസ്വം പ്രസിഡന്റ് എം.ആർ.മുരളിക്ക് കാലാവധി നീട്ടിനൽകിയ മാതൃകയിൽ ഇവരുടെ കാലാവധി നീട്ടാനാണ് സർക്കാരിന്റെ പദ്ധതി. പരാതികളില്ലാതെ കഴിഞ്ഞ തീർത്ഥാടനകാലം ഭംഗിയാക്കിയതും റോപ് വേ ഉൾപ്പടെ കാലങ്ങളായി മുടങ്ങിക്കിടന്ന വികസന പ്രവർത്തനങ്ങളും മുൻ വർഷങ്ങളെ അപേക്ഷിച്ച് പരാതിരഹിതവും സംതൃപ്തവുമായ ശബരിമല തീർത്ഥാടനകാലം ഒരുക്കാൻ കഴിഞ്ഞതും വരുമാനത്തിൽ വൻ വർദ്ധനവ് ഉണ്ടായതും ബോർഡിനൊപ്പം സർക്കാരിനും നേട്ടമായി. ഇവ പരിഗണിച്ചാണ് കാലാവധി നീട്ടാൻ ആലോചിക്കുന്നത്.