ഗുണ്ടാസംഘങ്ങൾ പെരുകുന്നു, അഴിക്കുള്ളിലായത് 227 പേർ

Wednesday 09 July 2025 1:53 AM IST

തൃശൂർ: കൊന്നും കൊലവിളിച്ചും ലഹരി വില്പനയുമൊക്കെയായി ഗുണ്ടകൾ ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയാകുമ്പോൾ അകത്താകുന്നവരും കുറവല്ല. ഗുണ്ടാ ആക്ട് ചുമത്തി സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ അടച്ചത് 227 പേരെ. ഭൂരിഭാഗംപേരും കൊലപാതകമടക്കം നിരവധി ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ടവർ. മൂന്നുമാസം മുതൽ ഒരു വർഷം വരെ ശിക്ഷ വിധിക്കപ്പെട്ടവരാണ് തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലുള്ളത്.

എതാനും ദിവസങ്ങൾക്ക് മുമ്പ് തൃശൂർ മണ്ണുത്തി നെല്ലങ്കരയിൽ ഗുണ്ടാസംഘാംഗത്തിന്റെ ജന്മദിന പാർട്ടിക്കിടെ പരസ്പരം ചേരിതിരിഞ്ഞ് എറ്റുമുട്ടുന്നതറിഞ്ഞ് എത്തിയ പൊലീസിനു നേരെ ആക്രമണം ഉണ്ടായി. ഈ ഗുണ്ടകളെ പൊലീസ് പിടികൂടുകയും ചെയ്തു. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖറും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം,കാപ്പചുമത്തി സ്വന്തം ജില്ലകളിൽ നിന്ന് നാടുകടത്തപ്പെടുന്ന ഗുണ്ടകൾ പലരും ആ സമയപരിധി തീരുംമുമ്പുതന്നെ തിരികെ എത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ നടക്കുന്നുണ്ട്. നിരീക്ഷണ സംവിധാനം കാര്യക്ഷമമല്ലാത്തതാണ് കാരണം. കാപ്പാകേസിൽ ശിക്ഷിക്കപ്പെട്ടാലും അഡ്വെെസറി ബോർഡിന് മുന്നിലടക്കം അപ്പീൽ നൽകി പുറത്തിറങ്ങുന്നവരുമുണ്ട്.

നിരീക്ഷിച്ച് പൊലീസ്

1.നെല്ലങ്കര സംഭവത്തിന് പിന്നാലെ തൃശൂർ റേഞ്ചിൽപെട്ട ഗുണ്ടകളുടെ നീക്കങ്ങളും മറ്റും കൃത്യമായി നിരീക്ഷിച്ച് എല്ലാ ദിവസവും റിപ്പോർട്ട് നൽകാൻ റേഞ്ച് ഐ.ജി ഹരിശങ്കർ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്നതാണ് തൃശൂർ റേഞ്ച്

2.ഗുണ്ടകളുടെ പ്രചാരണ സംവിധാനങ്ങൾ തകർക്കാനുള്ള തന്ത്രങ്ങളും മെനയുന്നു. ഇതിന്റെ ഭാഗമായി 38 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. കൗമാരക്കാരെ ഗുണ്ടകൾ ആകർഷിക്കാതിരിക്കാനുള്ള നടപടികൾക്കും തുടക്കമിട്ടു

ജയിലുകളിലുള്ള

ഗുണ്ടകൾ

കണ്ണൂർ സെൻട്രൽ ജയിൽ (നോർത്ത് സോൺ)....................... 92 വിയ്യൂർ സെൻട്രൽ ജയിൽ (സെൻട്രൽ സോൺ)...................... 131 തിരു. സെൻട്രൽ ജയിൽ (സൗത്ത് സോൺ)............................... 4