മണൽ മാഫിയയ്ക്ക് എസ്.ഐയുടെ ഫുൾ സപ്പോർട്ട്, പാരിതോഷികമായി സംസ്ഥാനപാതക്കരികിൽ ഒരുകോടിയുടെ ഭൂമി?

Tuesday 17 September 2019 4:16 PM IST

പെരുമ്പാവൂർ: പെരുമ്പാവൂർ ഡിവൈ.എസ്.പിയുടെ കീഴിലുള്ള ഒരു സബ് ഇൻസ്‌പെക്ടർക്ക് മണ്ണ് മാഫിയ ഉപഹാരമായി പതിനാറര സെന്റ് ഭൂമി നൽകിയതായി ആരോപണം. പെരുമ്പാവൂർ മൂവാറ്റുപുഴ എം.സി റോഡിൽ കീഴില്ലത്താണ് മണ്ണ് മാഫിയ എസ്.ഐക്ക് ഭൂമി വാങ്ങി നൽകിയതത്രേ. പെരുമ്പാവൂർ മേഖലയിൽ മണ്ണ് മാഫിയയുടെ ഇടപാടുകൾ ശക്തമാണെന്നതിന് തെളിവാണ് എസ്.ഐക്ക് ലഭിച്ച ഒരു കോടിയോളം രൂപ വിലവരുന്ന പാരിതോഷികം. നേരത്തെ സ്ത്രീയെ പീഡിപ്പിച്ച സംഭവമടക്കം നിരവധി വിവാദങ്ങൾ ഉണ്ടായിട്ടുള്ള സ്റ്റേഷനിൽ സി. ഐ യുടെ ഇടപെടലുകൾ അടക്കം നിയന്ത്രിക്കുന്നത് വിവാദ എസ്.ഐ ആണെന്നാണ് വിവരം.

ഭരണപക്ഷ പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിന് അഭിമതനല്ലാത്ത ഇയാൾക്കെതിരെ സ്ഥലം മാറ്റനടപടികൾക്കായി പ്രാദേശിക നേതൃത്വം പലകുറി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പാരിതോഷികമായി കിട്ടിയ ഭൂമി ലോൺ എടുത്ത് വാങ്ങിയാതാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇതിനായി സഹകരണ സംഘത്തെ സമീപിച്ചതായാണ് വിവരം പാരിതോഷികമായി ഭൂമി ലഭിച്ചതിന്റെ ആഘോഷത്തിന് ആയിരങ്ങൾ ചെലവാക്കിയതും മണ്ണുമാഫിയയുടെ പണക്കൊഴുപ്പിലാണെന്നാണ് ചില പൊലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.

മണ്ണ്, മണൽ മാഫിയകളുടെ പ്രവർത്തനം ശക്തിപ്പെടുമ്പോഴും നടപടിയെടുക്കാൻ അധികൃതർക്ക് മടിക്കുന്നതിന് കാരണം ഇത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ഇതിനോടകം ആക്ഷേപമുയർന്നിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് മണ്ണ്, മണൽ വേട്ട വ്യാപകമായി നടത്തിയ റവന്യു - പൊലീസ് സംഘം ഇപ്പോൾ വിശ്രമത്തിലായതിന്റെ കാരണവും മറ്റൊന്നല്ല. മണൽ മാഫിയയുടെ ഭീഷണി വകവയ്ക്കാതെ പൊതുജനങ്ങൾ നൽകുന്ന വിവരങ്ങൾ പോലും അവഗണിക്കപ്പെടുകയാണെന്നും ആക്ഷേപമുണ്ട്. പൊലീസിലെയും റവന്യു വകുപ്പിലെ ഒരു വിഭാഗത്തിന്റെയും ഒത്താശയോടെയാണ് പെരുമ്പാവൂർ മേഖലയിൽ കുന്നിടിക്കൽ നടക്കുന്നത്. പൊലീസിന്റെ സഹായത്തോടെ മണ്ണെടുപ്പിന് തടസം നിൽക്കുന്ന സമരസമിതി പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.