നിമിഷപ്രയയ്ക്ക് അന്ത്യനിമിഷം, 16ന് യെമനിൽ വധശിക്ഷ, പ്രതീക്ഷയും കാത്തിരിപ്പും വിഫലം
കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാൻ യെമനിലെ പബ്ളിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടതോടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായി. സനയിലെ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ.ഇളവുനൽകണമെന്ന നിമിഷപ്രിയയുടെ ആവശ്യം വിചാരണക്കോടതി തള്ളിയിരുന്നു. അപ്പീൽ യെമൻ സുപ്രീംകോടതി നവംബറിലും തള്ളി.
കൊല്ലപ്പെട്ടയാളിന്റെ കുടുംബാംഗങ്ങൾക്ക് നഷ്‌ടപരിഹാരം നൽകി മാപ്പ് സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കാൻ മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രമം തുടരുകയായിരുന്നു. കുടുംബം മാപ്പുനൽകുകയെന്ന നേരിയസാദ്ധ്യതമാത്രമാണ് മുന്നിലുള്ളത്. മകളുടെ ജീവൻ രക്ഷിക്കാൻ അമ്മ പ്രേമകുമാരി മാസങ്ങളായി യെമനിലുണ്ട്.
2017 ജൂലായിൽ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷ. ആഭ്യന്തരയുദ്ധം കലുഷമായ യെമൻ തലസ്ഥാനമായ സന ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഇന്ത്യൻ എംബസി അയൽരാജ്യമായ ജിബൂട്ടിയിലാണ്.
കൊലയിലേക്ക് നയിച്ചത്
മഹ്ദിയുടെ വഞ്ചന
തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്‌സായി പോയത്. തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെട്ടതോടെ ഇരുവരും പങ്കാളികളായി ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചു. സമ്പാദ്യമെല്ലാം കൈമാറി. കൂടുതൽ പണം കണ്ടെത്താൻ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വന്ന നിമിഷപ്രിയ ഒറ്റയ്ക്കാണ് മടങ്ങിപ്പോയത്.
നിമിഷ ഭാര്യയാണെന്ന് തലാൽ മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹവും നടത്തി. പാസ്‌പോർട്ട് തട്ടിയെടുക്കുകയും സ്വർണം വിൽക്കുകയും ചെയ്തു. പരാതി നൽകിയ നിമിഷപ്രിയയെ ക്രൂരമായി മർദ്ദിച്ചു. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിൽ പ്രതിരോധിച്ചപ്പോഴാണ് മഹ്ദി മരിച്ചതെന്നാണ് നിമിഷപ്രിയയുടെ മൊഴി .