സാമ്പത്തിക തട്ടിപ്പ് കേസ്, സൗബിൻ ഷാഹിറിനെ ചോദ്യംചെയ്ത് വിട്ടയച്ചു
കൊച്ചി: 'മഞ്ഞുമ്മൽ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്റെ പങ്കാളികളായ ഷോൺ ആന്റണി, നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ എന്നിവരെ ഇന്നലെ മൂന്ന് മണിക്കൂറോളം ചോദ്യംചെയ്തശേഷം വിട്ടയച്ചു. രണ്ടാം തവണയാണ് മൂവരെയും ചോദ്യം ചെയ്യുന്നത്. വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികൾ നൽകിയ രേഖകൾ അപര്യാപ്തമെന്ന് വ്യക്തമായതോടെയാണ് വീണ്ടും വിളിപ്പിക്കാൻ തീരുമാനിച്ചത്. ഇവരെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് മുൻകൂർ ജാമ്യം നൽകിയപ്പോൾ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പരാതിക്കാരന് ലാഭവിഹിതം നൽകാൻ തങ്ങൾ തയ്യാറായിരുന്നെന്ന് സൗബിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുതൽ മുഴുവൻ കൊടുത്തിട്ടുണ്ട്. ലാഭമെല്ലാം മാറ്റിവച്ചിട്ടുണ്ടെന്നും എല്ലാവരുടെയും കൂടെ സഹകരിക്കാൻ തങ്ങൾ തയ്യറാണെന്നും സൗബിൻ പറഞ്ഞു.
ഇന്നലെ രാവിലെ 11 ഓടെയാണ് സൗബിനും കൂട്ടരും സ്റ്റേഷനിൽ ഹാജരായത്. കരാർ പ്രകാരമുള്ള 47 കോടി നൽകാതെ നിർമ്മാതാക്കൾ കബളിപ്പിച്ചെന്നാണ് ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയതുറയിലിന്റെ പരാതി.