ജനജീവിതം നിശ്ചലമാക്കി പൊതു പണിമുടക്ക്

Wednesday 09 July 2025 12:47 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച പൊതു പണിമുടക്ക് തുടങ്ങി. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. തൊഴിലാളികളും കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും മോട്ടോർ വാഹന തൊഴിലാളികളും വ്യാപാരികളും ബാങ്കിംഗ്, ഇൻഷ്വറൻസ് മേഖലയിലുള്ളവരും പങ്കെടുക്കുന്നതിനാൽ ജനജീവിതം സ്തംഭിക്കും.

അവശ്യ സർവീസുകൾ, പത്രം, പാൽ വിതരണം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം, ആശുപത്രി എന്നിവിടങ്ങളിലേക്കുളള ഗതാഗതം, മുൻകൂട്ടി നിശ്ചയിച്ച വിവാഹങ്ങൾ, ടൂറിസം മേഖല എന്നിവയേയും ഒഴിവാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിലെ തൊഴിലാളി യൂണിയനുകൾ പണിമുടക്കിന്റെ ഭാഗമാവില്ലെന്നും ബസുകൾ ഓടുമെന്നും മന്ത്രി കെ.ബി. ഗണേശ് കുമാർ നടത്തിയ പ്രസ്താവന സംഘടനകൾ തള്ളി.