മിനിട്ട്സ് അംഗീകരിച്ചത് സിൻഡിക്കേറ്റംഗം
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റിന്റെ അധികാരപ്രകാരം ഡോ.അനിൽകുമാറിനെ തിരിച്ചെടുക്കുന്നെന്ന സമാന്തരയോഗത്തിന്റെ മിനിട്ട്സിൽ വി.സിക്ക്പകരം ഒപ്പിട്ടത് സിൻഡിക്കേറ്റംഗമായ പി.എം.രാധാമണിയും അംഗീകരിച്ചത് രജിസ്ട്രാറുടെ ചുമതലയുണ്ടായിരുന്ന സീനിയർ ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാറുമാണ്.
വി.സിയുടെ ചുമതല വഹിക്കുന്ന സിസ തോമസ് പലവട്ടം ആവശ്യപ്പെട്ടിട്ടും മിനിട്ട്സ് ബന്ധപ്പെട്ടവർ കൈമാറിയില്ല. അതിനാലാണ് സെക്ഷനിൽ നിന്ന് പിടിച്ചെടുത്തത്. വി.സി പിരിച്ചുവിട്ടശേഷം ചേർന്ന സമാന്തരയോഗം പൂർണമായി നിയമവിരുദ്ധമാണെന്നാണ് ഗവർണർക്കുള്ള നിയമോപദേശം.
ഡോ.സിസാതോമസ് ഇന്നലെ കേരള വി.സിയുടെ ചുമതലയൊഴിഞ്ഞു. ഡോ.മോഹനൻ കുന്നുമ്മേൽ റഷ്യയിൽ നിന്ന് ഇന്ന് തിരിച്ചെത്തും. ഇന്നലെയും ഡോ.അനിൽകുമാർ ഓഫീസിലെത്തി വൈകിട്ടുവരെ തുടർന്നു. രജിസ്ട്രാറുടെ ചുമതല വി.സി കൈമാറിയ പ്ലാനിംഗ് ഡയറക്ടർ ഡോ.മിനികാപ്പന് ചുമതലയേൽക്കാനായിട്ടില്ല. ചുമതലനൽകി വി.സി ഉത്തരവിറക്കിയെങ്കിലും അഡ്‌മിനിസ്ട്രേറ്റീവ് ഉത്തരവിറക്കാത്തതിനാൽ മിനിക്ക് രജിസ്ട്രാറുടെ യൂസർ ഐ.ഡിയും പാസ്‌വേഡും നൽകിയിട്ടുമില്ല. അഡ്‌മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ജീവനക്കാർ അവധിയിലാണ്.
വി.സി ഇറങ്ങിപ്പോയെന്ന് മിനിട്ട്സ്
വി.സിയുടെ അറിവോ ശുപാർശയോ ഇല്ലാതെയാണ് ഹരികുമാർ മിനിട്ട്സിലൊപ്പിട്ടത്. സിൻഡിക്കേറ്റ് യോഗം വി.സി പിരിച്ചുവിട്ടതാണെങ്കിലും, അവർ ഇറങ്ങിപ്പോയെന്നാണ് സമാന്തരയോഗ മിനിട്ട്സിലുള്ളത്. ഡോ.അനിൽകുമാറിന് ചുമതല കൈമാറാൻ ഹരികുമാറിനെ ചുമതലപ്പെടുത്തി.
അനിൽകുമാറിന് ഫയൽ
അയയ്ക്കുന്നത് വി.സി തടഞ്ഞു
രജിസ്ട്രാറുടെ ഓഫീസിലെത്തിയ ഡോ.കെ.എസ്.അനിൽകുമാർ ഫയലുകൾ പരിശോധിക്കുന്നത് വി.സി തടഞ്ഞു. അനിൽകുമാറിന്റെ യൂസർ ഐ.ഡിയും പാസ്‌വേഡും നേരത്തേ വി.സി റദ്ദാക്കിയിരുന്നെങ്കിലും അത് തിരികെ ലഭിച്ചതോടെ ഫയൽനോട്ടം തുടങ്ങി. പഞ്ചാബ് സർവകലാശാലയിൽ നിന്ന് ബിരുദംനേടിയ വിദ്യാർത്ഥിനിക്ക് ബിരുദ അംഗീകാര സർട്ടിഫിക്കറ്റ് നൽകാനുള്ള ഫയൽ അക്കാഡമിക് വിഭാഗം ഡോ.അനിൽകുമാറിനയച്ചിരുന്നു. ഇത് മടക്കിവിളിച്ച വി.സി, അനിൽകുമാറിനെ ഒഴിവാക്കി തനിക്ക് നേരിട്ട് ഫയലുകൾ അയയ്ക്കാൻ ജോയിന്റ് രജിസ്ട്രാർമാരോട് നിർദ്ദേശിച്ചു. വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റിന് വി.സിയാണ് അംഗീകാരം നൽകിയത്.