ഗതാഗതക്കുരുക്കിന് പരിഹാരമൊരുങ്ങുന്നു... കണ്ണനല്ലൂർ ജംഗ്ഷൻ കടക്കാം, കൂളായി!

Wednesday 09 July 2025 1:56 AM IST
കണ്ണനല്ലൂർ ജംഗ്ഷന്റെ വികസന മാതൃക

കൊല്ലം: കണ്ണനല്ലൂർ ജംഗ്ഷനിൽ വർഷങ്ങളായി നാട്ടുകാരെയും യാത്രക്കാരെയും വലയ്ക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള 50.19 കോടിയുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം.

ജംഗ്ഷനിലെ നിലവിലുള്ള ഗതാഗത പ്രശ്നങ്ങൾക്കെല്ലാം ഒഴി​വാകും വിധമാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കൊല്ലം, കുണ്ടറ, കൊട്ടിയം, ആയൂർ ഭാഗങ്ങളിലേക്ക് പോകാനുള്ള ജംഗ്ഷനിൽ റോഡ് വികസനമാണ് പ്രധാന അജണ്ട. മൊത്തം 1.4 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് വീതികൂട്ടി ഹൈടെക്കാകും. കൊല്ലത്തേക്ക് 290 മീറ്ററും കുണ്ടറയിലേക്ക് 250 മീറ്ററും ആയൂർ ഭാഗത്തേക്ക് 330 മീറ്ററും കൊട്ടിയം ഭാഗത്തേക്ക് 295 മീറ്ററും ദൈർഘ്യത്തിൽ വീതികൂട്ടും. 18 മുതൽ 20 മീറ്റർവരെ വീതിയിലാണ് വികസനം. ഇതോടെ വാഹനങ്ങൾക്ക് യഥേഷ്ടം കടന്നുപോകാൻ സൗകര്യമാകും. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്കും കെട്ടിടങ്ങൾക്കുമായി കണക്കാക്കിയ നഷ്ട പരിഹാരത്തുകയായ 33 കോടി രൂപ വിതരണം ചെയ്തു. ഇനി കെട്ടിടങ്ങൾ പൊളിച്ച് മാറ്റണം. ഇതിനുള്ള ടെണ്ടർ നടപടികളായി. മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷന്റെ ചുമതലയിലാണ് ഇ-ടെണ്ടർ നടപടികൾ പുരോഗമിക്കുന്നത്.

ആറുവരിപ്പാതയുടെ നിർമ്മാണം നടക്കുന്നതിനാൽ ദേശീയപാത വിട്ട് കണ്ണനല്ലൂർ വഴി വേഗം പോകാൻ ശ്രമിച്ചാൽ നിലവിൽ പണി കിട്ടുന്ന സാഹചര്യമാണുള്ളത്. മണിക്കൂറുകൾ കുരുക്കിൽക്കിടന്ന് വീർപ്പുമുട്ടും. കണ്ണനല്ലൂരിന്റെ ഗതാഗത കുരുക്ക് ഏറെക്കാലമായി തുടരുകയാണ്. പുതിയ പദ്ധതിയിലാണ് നാടിന്റെ പ്രതീക്ഷ.

അഞ്ച് റോഡുകളുടെ സഗമം

അഞ്ച് റോഡുകളാണ് കണ്ണനല്ലൂർ ടൗണിൽ സംഗമിക്കുന്നത്. ഇതിൽ നാലും ഏറെ പ്രധാനപ്പെട്ടവയാണ്. സ്വകാര്യ ബസുകൾ എപ്പോഴുമുണ്ടാകും. തലങ്ങും വിലങ്ങും വാഹനങ്ങൾ പായുന്നതിനിടയിൽ ഇടയ്ക്കൊന്ന് ക്രമം തെറ്റിയാൽ കുരുക്ക് തുടങ്ങും. പിന്നെ കുരുക്കഴിയാൻ മണിക്കൂറുകൾ വേണ്ടിവരും. കണ്ണനല്ലൂരിന്റെ ഗതാഗത പ്രശ്നങ്ങൾ പൂർണമായും മാറുന്ന വിധത്തിലാകും ഗതാഗത പരിഷ്കരണ സംവിധാനമെത്തുന്നത്. ട്രാഫിക് ഐലൻഡ്, സിഗ്നൽ ലൈറ്റ്, മീഡിയൻ എന്നിവയുണ്ടാകും. ഹൈമാസ്റ്റ് ലൈറ്റുകൾ തെളിഞ്ഞ് പട്ടണത്തിൽ രാത്രികാല വെളിച്ചം ഉറപ്പാക്കും.