ബി.ജെ.പി ആസ്ഥാന മന്ദിരം ഉദ്ഘാടനം 12ന് അമിത് ഷാ

Wednesday 09 July 2025 12:58 AM IST

തിരുവനന്തപുരം: ബി.ജെ.പി.യുടെ സംസ്ഥാന കാര്യാലയമായ പുതിയ മാരാർജി ഭവന്റെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിക്കും. ലളിതമായ ചടങ്ങായിരിക്കും ഇതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഒരു വർഷം മുമ്പ് നിർമ്മാണം പൂർത്തിയായ മാരാർജി ഭവന്റെ പാലുകാച്ചൽ ചടങ്ങ് കഴിഞ്ഞ വർഷം നടത്തിയിരുന്നു. അന്നുമുതൽ പാർട്ടി ആസ്ഥാനമന്ദിരമെന്ന നിലയിൽ പ്രവർത്തനവും തുടങ്ങിയിരുന്നു. വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ തദ്ദേശതിരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികളുടെ ഉദ്ഘാടനവും നിർവ്വഹിക്കും. പുത്തരിക്കണ്ടം മൈതാനത്താണ് ചടങ്ങ്. ഉച്ചയ്ക്ക് 12.30ന് തുടങ്ങുന്ന പരിപാടിയിൽ ആലപ്പുഴ,കൊല്ലം,പത്തനംതിട്ട,കോട്ടയം,തിരുവനന്തപുരം ജില്ലകളിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കൾ പങ്കെടുക്കും.സംസ്ഥാന നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും.3.30ന് ഡൽഹിയിലേക്ക് മടങ്ങും.തലസ്ഥാനത്ത് തൈക്കാട് അരിസ്റ്റോജംഗ്ഷന് സമീപം 55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടിയുള്ള മാരാർജി ഭവൻ.