സർവകലാശാലയെ രാഷ്ട്രീയവിരോധം തീർക്കാനുള്ള വേദിയാക്കരുത്, വിമർശനവുമായി വി.ഡി. സതീശൻ

Wednesday 09 July 2025 10:08 PM IST

തിരുവനന്തപുരം: സർവകലാശാലകളെ വ്യക്തി - രാഷ്ട്രീയ വിരോധം തീർക്കാനുള്ള വേദിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഉന്നത വിദ്യാഭാസരംഗവുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും നടത്തുന്ന വിവാദങ്ങളുടെ ഇരകൾ വിദ്യാർത്ഥികളാണ്. 13 സർവകലാശാലകളിൽ 12ലും വി.സിമാരില്ല. ഇക്കാര്യത്തിൽ സർക്കാരും രാജ്ഭവനും കുറ്റക്കാരാണ്.

വി.സിക്ക് റജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാനുള്ള അധികാരമില്ല. ചാർജുള്ള വി.സി യോഗം പിരിച്ചുവിട്ടശേഷം സിൻഡിക്കേറ്റ് റജിസ്ട്രാറെ നിയമിച്ചതും ശരിയല്ല. മത സംഘടനകൾക്ക് സെനറ്റ് ഹാൾ നൽകരുതെന്ന് തീരുമാനമുണ്ടെന്നാണ് വിവരം.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ആരോഗ്യരംഗം മോശമായിരുന്നെന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ഇതു തന്നെയാണ് പ്രതിപക്ഷവും നാളുകളായി പറയുന്നത്. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് വന്നശേഷം സ്ഥലവും സമയവും നിശ്ചയിച്ചാൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ആരോഗ്യ മേഖലയെ കുറിച്ചുള്ള സംവാദത്തിന് തയ്യാറാണ്.

ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. ഒന്നും ചെയ്യാൻ കഴിയാത്ത മന്ത്രി രാജിവയ്ക്കണം. പ്രതിപക്ഷ നേതാക്കളെ റോഡിലിറക്കില്ലെന്നാണ് ധനമന്ത്രി ഉൾപ്പെടെയുള്ളവർ ഭീഷണിപ്പെടുത്തുന്നത്. അതൊക്കെ കൈയിൽ വച്ചാൽ മതി.

സോളാർ എനർജിയുടെ കാര്യത്തിൽ വൈദ്യുതി റെഗുലേറ്ററി അതോറിട്ടി കൊണ്ടുവന്ന ചട്ടം പാരമ്പര്യേതര ഊർജ്ജ സംവിധാനത്തിന്റെ നടുവൊടിക്കും. അഞ്ച് കിലോ വാട്ടിന് മുകളിൽ ഉത്പാദമുണ്ടെങ്കിൽ അതിന്റെ 30 ശതമാനവും ബാറ്ററിൽ സൂക്ഷിക്കണെന്നാണ് നിർദ്ദേശം. വിപണിയിൽ ലഭ്യമല്ലാത്ത രണ്ട് കമ്പനികളുടെ ബാറ്ററി ഉപയോഗിക്കണമെന്ന നിർദ്ദേശത്തിന് പിന്നിൽ അഴിമതി മണക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു.