എന്നിട്ടും ഒരു ടീമിനുള്ള ആള് ബാക്കിയാണ് !
കെ.സി.എൽ രണ്ടാം സീസൺ താരലേലത്തിൽ ഇടം കിട്ടാതെ രഞ്ജി ട്രോഫി കളിച്ചവരടക്കം
തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസൺ താരലേലം കഴിഞ്ഞപ്പോൾ 168 താരങ്ങളിൽ നിന്ന് ആറ് ടീമുകളും ചേർന്ന് സ്വന്തമാക്കിയത് 91 പേരെയാണ്. എന്നാൽ ഈ സീസണിൽ രഞ്ജി ട്രോഫിയിലും വിജയ് ഹസാരേ ട്രോഫിയിലും ഇന്ത്യ അണ്ടർ 19 ടീമിലും കളിച്ചവർ ഉൾപ്പടെ നിരവധിപ്പേരാണ് ലേലത്തിൽ വിൽക്കപ്പെടാതെപോയത്. യുവതാരങ്ങൾക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ലീഗിൽ ഒരു ടീം കൂടി വേണമായിരുന്നു എന്ന ആവശ്യകത വ്യക്തമാക്കുന്നതാണ് ഈ സ്ഥിതി. ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരുന്ന യുവതാരങ്ങൾക്ക് ലേലത്തിലെ സാങ്കേതികത കാരണം മറ്റൊരു അവസരം ലഭിക്കാത്തതും തിരിച്ചടിയായി.
സഞ്ജു സാംസൺ കൂടി കളിക്കാനിറങ്ങുന്നതോടെ ആരാധകശ്രദ്ധ ഇരട്ടിയാകുന്ന ലീഗിൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ എ,ബി,സി എന്നിങ്ങനെ കളിക്കാരെ തരം തിരിച്ചാണ് ലേലം നടത്തിയത്. ബി.സി.സി.ഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐ.പി.എൽ എന്നിവയിൽ കളിച്ചിട്ടുളള താരങ്ങളെയാണ് എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. മൂന്ന് ലക്ഷം രൂപയായിരുന്നു അടിസ്ഥാന തുക. അണ്ടർ 23, 19 വിഭാഗങ്ങളിൽ കേരളത്തിനായി കളിച്ച ബി കാറ്റഗറിയിലെ താരങ്ങൾക്ക് ഒന്നര ലക്ഷവും ജില്ലാ, സോണൽ, കെസിഎ ടൂർണമെന്റുകളിൽ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങൾക്ക് 75000വുമായിരുന്നു അടിസ്ഥാന തുക. ഓരോ ടീമിലും നാല് എ കാറ്റഗറി താരങ്ങൾ നിർബന്ധമാക്കിയിരുന്നു. ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവാക്കാനുണ്ടായിരുന്നത്. ഒരു ടീമിൽ 16മുതൽ 20 താരങ്ങളാണ് വേണ്ടിയിരുന്നത്.
ബി കാറ്റഗറിക്കാർക്ക് പറ്റിയത്
എ കാറ്റഗറിയിൽ ആരും വിളിക്കാതെപോകുന്ന താരങ്ങളെ ബി കാറ്റഗറിയിലേക്ക് മാറ്റി ഒന്നര ലക്ഷം അടിസ്ഥാന തുകയ്ക്ക് ലേലം വിളിക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ ബി കാറ്റഗറിക്കാരെ ആരും വിളിച്ചില്ലെങ്കിൽ സി കാറ്റഗറിയിലേക്ക് മാറ്റിയിരുന്നില്ല.
ടീമിൽ നിലനിറുത്തപ്പെട്ടവർക്കും എ കാറ്റഗറിക്കാർക്കും ആകെയുള്ള 50 ലക്ഷത്തിന്റെ സിംഹഭാഗവും ചെലവഴിച്ച ടീമുകൾ പിന്നീട് കളിക്കാരുടെ എണ്ണം തികയ്ക്കാൻ ബി കാറ്റഗറിക്കാരെ ഒഴിവാക്കി സി കാറ്റഗറി താരങ്ങളെ എടുത്തു. ഇതോടെ ബി കാറ്റഗറിയിലുള്ള താരങ്ങൾ പലർക്കും ടീമുകളിൽ ഇടമില്ലാതെയായി.
എ കാറ്റഗറിയിൽ നിന്ന് 26 പേരും സി കാറ്റഗറിയിൽ നിന്ന് 49 പേരും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ബി കാറ്റഗറിയിൽ നിന്ന് 16 പേർക്കേ ഇടംകിട്ടിയുള്ളൂ. ഇന്ത്യൻ അണ്ടർ 19 ടീമിൽ കളിക്കുന്ന സ്പിന്നർ മുഹമ്മദ് ഇനാനും രഞ്ജി താരം വൈശാഖ് ചന്ദ്രനും വിജയ് ഹസാരേ കളിച്ച വിശ്വേശ്വർ സുരേഷുമടക്കം അഞ്ച് താരങ്ങളാണ് എ കാറ്റഗറിയിൽ വിൽക്കപ്പെടാതിരുന്നത്.
ബി കാറ്റഗറിയിൽ നിലവിൽ കേരളത്തിനായി വിവിധ ഏജ്ഗ്രൂപ്പുകളിൽ കളിക്കുന്ന 11 പേർ ഉൾപ്പടെ 23 പേർ വിൽക്കപ്പെടാതെവന്നു. ഇവരെ സി കാറ്റഗറിയിലേക്ക് മാറ്റിയിരുന്നെങ്കിൽ ആ തുകയ്ക്കെങ്കിലും ലീഗിൽ കളിക്കാൻ കഴിഞ്ഞേനെ.
ലീഗിലെ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനെപ്പറ്റി വരും എഡിഷനുകളിൽ കെ.സി.എ ചർച്ച ചെയ്യും. ബി കാറ്റഗറിയിലുള്ള പ്ളേയേഴ്സിനെ വിൽക്കപ്പെടാതെ വന്നാൽ സി കാറ്റഗറിയിലേക്ക് മാറ്റി അവസരം നൽകുന്നതിനെപ്പറ്റിയും ഓരോ ടീമിലും എ കാറ്റഗറിയിലുള്ളവരെ നിർബന്ധമാക്കിയതുപോലെ ബി കാറ്റഗറിക്കാരെയും നിർബന്ധമാക്കുന്നതിനെപ്പറ്റിയും ആലോചിക്കും.
- വിനോദ്.എസ്.കുമാർ
കെ.സി.എ സെക്രട്ടറി